Skip to content

ഒരു മണിക്കൂർ മുൻപാണ് അവർ ആ കാര്യം എന്നോട് പറഞ്ഞത്, ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് പ്രതികരിച്ച് വിരാട് കോഹ്ലി

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഒരു മണിക്കൂർ മുൻപാണ് ഇന്ത്യൻ ഏകദിന ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കിയ കാര്യം ബിസിസിഐ തന്നെ അറിയിച്ചതെന്ന് ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി. സൗത്താഫ്രിക്കൻ പര്യടനത്തിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വിരാട് കോഹ്ലി വെളിപ്പെടുത്തിയത്.

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചതിനൊപ്പമാണ് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കി രോഹിത് ശർമ്മയെ ഏകദിന ക്യാപ്റ്റനായി നിയമിച്ചുവെന്ന് ബിസിസിഐ വ്യക്തമാക്കിയത്. ഐസിസി ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിഞ്ഞ വിരാട് കോഹ്ലി ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ നയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ രണ്ട് വ്യത്യസ്ത ക്യാപ്റ്റന്മാരെന്ന ആശയത്തോട് സെലക്ടർമാർക്ക് യോജിക്കാൻ സാധിക്കാത്തതിനാലാണ് വിരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും ഒഴിവാക്കിയതെന്ന് ബിസിസിഐ പ്രസിഡൻ്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.

” ടെസ്റ്റ് ടീം സെലക്ഷന് ഒന്നര മണിക്കൂർ മുൻപ് അവരെന്നെ ബന്ധപ്പെട്ടിരുന്നു. ടെസ്റ്റ് ടീമിനെ കുറിച്ച് ചീഫ് സെലക്ടർ എന്നോട് ചർച്ച ചെയ്തു. കോൾ അവസാനിപ്പിക്കുന്നതിന് തൊട്ടുമുൻപ് ഞാൻ ഇനി ഏകദിന ക്യാപ്റ്റൻ ആയിരിക്കില്ലയെന്ന് അഞ്ച് സെലക്ടർമാർ തീരുമാനിച്ചതായി അദ്ദേഹം എന്നോട് പറഞ്ഞു. എനിക്കതിൽ കുഴപ്പമില്ല, ഇതിനെ കുറിച്ച് യാതൊരു ആശയവിനിമയവും മുൻപ് ഉണ്ടായിരുന്നില്ല. ” കോഹ്ലി പറഞ്ഞു.

ഏകദിന പരമ്പരയിൽ നിന്നും താൻ പിന്മാറുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സെലക്ഷന് താൻ ഉണ്ടാകുമെന്നും വിരാട് കോഹ്ലി പറഞ്ഞു.

” ഞാൻ സെലക്ഷന് ലഭ്യമാണ്, ബിസിസിഐയോട് ഞാൻ ഇടവേള ആവശ്യപ്പെട്ടിട്ടില്ല, സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഞാനുണ്ടാകും, ഇതിനെക്കുറിച്ച് പുറത്തുവന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ആളുകൾ കള്ളങ്ങൾ എഴുതുന്നു. എനിക്ക് വിശ്രമം വേണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടില്ല. ” കോഹ്ലി പറഞ്ഞു.