Skip to content

അവൻ്റെ നിർദ്ദേശ പ്രകാരമാണ് അശ്വിനെ ലോകകപ്പ് ടീമിൽ ഉൾപെടുത്തിയത്, സൗരവ് ഗാംഗുലി

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഉൾപ്പെടുത്തിയത് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്ലിയുടെ നിർദ്ദേശപ്രകാരമായിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി. പ്രമുഖ മാധ്യമപ്രവത്തകനുമായി നടന്ന അഭിമുഖത്തിലാണ് ഇക്കാര്യം സൗരവ് ഗാംഗുലി വെളിപ്പെടുത്തിയത്. അശ്വിൻ ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽ തിരിച്ചെത്തുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലയെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

( Picture Source : BCCI )

2017 ൽ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കപെട്ട ശേഷം പിന്നീട് നാല് വർഷത്തോളം അശ്വിൻ ഇന്ത്യയ്ക്ക് വേണ്ടി വൈറ്റ് ബോൾ ക്രിക്കറ്റിൽ കളിച്ചിരുന്നില്ല. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടത്തിന് പുറകെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അശ്വിനെ ഉൾപ്പെടുത്തുകയായിരുന്നു. ടീമിൽ ഉണ്ടായിരുന്നുവെങ്കിലും ടൂർമെൻ്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും അശ്വിന് അവസരം ലഭിച്ചില്ല. ആ രണ്ട് മത്സരങ്ങളിൽ ഇന്ത്യ പരാജയപ്പെടുകയും ചെയ്തിരുന്നു. അവസരം ലഭിച്ച മൂന്ന് മത്സരങ്ങളിൽ നിന്നും 6 വിക്കറ്റുകൾ അശ്വിൻ നേടിയിരുന്നു.

( Picture Source : BCCI )

” അശ്വിൻ വീണ്ടും ഇന്ത്യൻ വൈറ്റ് ബോൾ ടീമിൻ്റെ ഭാഗമാകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. എന്നാൽ അവൻ ലോകകപ്പിനുള്ള ടീമിൽ ഉണ്ടാകണമെന്ന് വിരാട് കോഹ്ലി ആഗ്രഹിച്ചിരുന്നു. ചെറിയ അവസരം മാത്രമാണ് ലഭിച്ചതെങ്കിലും അത് നന്നായി ഉപയോഗപ്പെടുത്താൻ അശ്വിന് സാധിച്ചു. ”

( Picture Source : BCCI )

” എല്ലാവരും അവനെ കുറിച്ച് സംസാരിക്കുന്നു, എക്കാലത്തെയും മികച്ച താരമെന്നാണ് കാൺപൂർ ടെസ്റ്റിന് ശേഷം രാഹുൽ ദ്രാവിഡ് അവനെ വിശേഷിപ്പിച്ചത്. അശ്വിൻ്റെ കഴിവിനെ മനസ്സിലാക്കുവാൻ റോക്കറ്റ് സയൻസിൻ്റെ ആവശ്യമില്ല. ”

” ഞാൻ അവനെ പിന്തുണയ്ക്കേണ്ട കാര്യമില്ല. അവൻ ഭാഗമായ വിജയികളായ ടീമുകളെ നോക്കൂ, അവൻ 2011 ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്നു, 2013 ൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടിയപ്പോൾ ടീമിൻ്റെ മുൻനിര ബൗളർ അശ്വിനായിരുന്നു. ചെന്നൈ സൂപ്പർ കിങ്സ് ഐ പി എൽ നേടിയപ്പോൾ പവർപ്ലേയിലും മറ്റു സമ്മർദ്ദ ഘട്ടങ്ങളിലും അവരുടെ പ്രധാനപെട്ട ബൗളർ അശ്വിനായിരുന്നു. ” സൗരവ് ഗാംഗുലി പറഞ്ഞു.

” ഇനി ടെസ്റ്റിൽ അവൻ്റെ റെക്കോർഡുകൾ നോക്കൂ, അത് അസാധാരണമാണ്. രവിചന്ദ്രൻ അശ്വിൻ ഒരു അസാമാന്യ താരമാണെന്ന് ഞാൻ പറയേണ്ടതില്ല. അവൻ്റെ റെക്കോർഡുകളും പ്രകടനങ്ങളും അത് തെളിയിക്കുന്നു. ഇത്തരത്തിലുള്ള കളിക്കാരെ അവഗണിക്കാനും സാധിക്കുകയില്ല. വെറുതെ കണ്ണടച്ചുകൊണ്ട് അവൻ്റെ കാലം കഴിഞ്ഞുവെന്നും പറയാനാകില്ല. അതുകൊണ്ട് തന്നെ അവൻ്റെ ഈ പ്രകടനങ്ങളിൽ ഞാൻ അത്ഭതപ്പെടുന്നില്ല. ” ഗാംഗുലി കൂട്ടിച്ചേർത്തു.

( Picture Source : BCCI )