Skip to content

സൗത്താഫ്രിക്കൻ പര്യടനത്തിന് മുൻപേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ടെസ്റ്റ് പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത്

സൗത്താഫ്രിക്കൻ പര്യടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. പരിക്ക് മൂലം ഓപ്പണറും ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയായ രോഹിത് ശർമ്മ ടെസ്റ്റ് പരമ്പരയിൽ നിന്നും പുറത്തായി. മുംബൈയിൽ നടന്നുകൊണ്ടിരിക്കുന്ന പരിശീലനത്തിനിടെയാണ് രോഹിത് ശർമ്മയ്ക്ക് പരിക്ക് പറ്റിയത്. രോഹിത് ശർമ്മയ്ക്ക് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

( Picture Source : BCCI )

ഇന്ത്യൻ എ ടീമിന്റെ ക്യാപ്റ്റനായ പ്രിയങ്ക് പഞ്ചാളിനെയാണ് രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. നേരത്തെ സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച ബിസിസിഐ രോഹിത് ശർമ്മയെ ഏകദിന ക്യാപ്റ്റനായും ടെസ്റ്റ് ക്രിക്കറ്റിൽ വൈസ് ക്യാപ്റ്റനായും നിയമിച്ചിരുന്നു. രോഹിത് ശർമ്മയുടെ അഭാവത്തിൽ പുതിയ വൈസ് ക്യാപ്റ്റനെ ഇന്ത്യ കണ്ടെത്തേണ്ടിവരും.

( Picture Source : BCCI )

ഡിസംബർ 26 നാണ് മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടക്കുന്ന ഏകദിന പരമ്പരയിൽ രോഹിത് ശർമ്മ കളിക്കുമോയെന്ന കാര്യവും തീർച്ചയായിട്ടില്ല. പരിക്ക് ഗുരുതരമാണെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസംബർ 16 നാണ് ഇന്ത്യൻ ടീം സൗത്താഫ്രിക്കയിലേക്ക് തിരിക്കുന്നത്.

( Picture Source : BCCI )

രോഹിത് ശർമ്മയ്ക്ക് പകരക്കാരനായെത്തിയ പഞ്ചാൽ 100 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 24 സെഞ്ചുറിയടക്കം 45.52 ശരാശരിയിൽ 7011 റൺസ് നേടിയിട്ടുണ്ട്. രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റതിനാൽ കെ എൽ രാഹുലും മായങ്ക് അഗർവാളുമായിരിക്കും ഇന്ത്യയ്ക്ക് വേണ്ടി ഓപ്പൺ ചെയ്യുക.

( Picture Source : BCCI )

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, പ്രിയങ്ക് പഞ്ചാൽ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ഋഷഭ് പന്ത് (wk), വൃദ്ധിമാൻ സാഹ (wk), ആർ അശ്വിൻ, ജയന്ത് യാദവ്, ഇഷാന്ത് ശർമ, മൊഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഷാർദുൽ താക്കൂർ, മൊഹമ്മദ് സിറാജ്.

( Picture Source : BCCI )