വിരാട് കോഹ്ലിയെ പുറത്താക്കി രോഹിത് ശർമ്മയെ ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിന്റെ ക്യാപ്റ്റനാക്കിയ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിലാണ് എത്തിച്ചേർന്നിരിക്കുന്നതെന്നും അഞ്ച് ഐ പി എൽ കിരീടങ്ങൾ നേടിയിട്ടുള്ള രോഹിത് ശർമ്മ ഇന്ത്യൻ ടീമിനെ ഉയരങ്ങളിലെത്തിക്കുമെന്നും ഗൗതം ഗംഭീർ പറഞ്ഞു.

സൗത്താഫ്രിക്കൻ പര്യടനത്തിനായുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചതിനൊപ്പമാണ് ഏകദിന ക്യാപ്റ്റനായി രോഹിത് ശർമ്മയെ നിയമിച്ചുവെന്ന് ബിസിസിഐ ഔദ്യോഗികമായി വ്യക്തമാക്കിയത്. ഐസിസി ടി20 ലോകകപ്പിന് ശേഷം ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും സ്വയം പിന്മാറിയ കോഹ്ലി ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്ന് അറിയിച്ചിരുന്നു. എന്നാൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ രണ്ട് വ്യത്യസ്ത ക്യാപ്റ്റന്മാരെന്ന ആശയത്തോട് സെലക്ടർമാർക്കും ബിസിസിഐയ്ക്കും യോജിക്കാൻ സാധിക്കാത്തതിനാലാണ് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റിയത്.

” ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോൾ രണ്ട് ക്യാപ്റ്റന്മാരെ ലഭിച്ചിരിക്കുന്നു, ഒരാൾ റെഡ് ബോൾ ക്രിക്കറ്റിലും മറ്റൊരാൽ വൈറ്റ് ബോൾ ക്രിക്കറ്റിലും. ഇത് നല്ല കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ലിമിറ്റഡ് ഓവർ ടീമിനെ വളർത്തിയെടുക്കാനും പരിപാലിക്കാനും മതിയായ സമയം രോഹിത് ശർമ്മയ്ക്ക് ലഭിക്കും. ”
” രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി നന്നായി പ്രവർത്തിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിലാണ് എത്തിചേർന്നിരിക്കുന്നത്, പ്രത്യേകിച്ചും വൈറ്റ് ബോൾ ക്രിക്കറ്റിൽ. അഞ്ച് ഐ പി എൽ കിരീടങ്ങൾ അവൻ നേടിയിട്ടുണ്ട്. അത് മറ്റുള്ള ക്യാപ്റ്റന്മാരിൽ നിന്നും വ്യത്യസ്തമായി ശരിയായതെന്തോ അവൻ ചെയ്യുന്നത് കൊണ്ടാണ്. ” ഗംഭീർ പറഞ്ഞു.

” അതേ സമയം അവന്റെ ശാന്തതയും മനോഭാവവും ടീമിന്റെ അന്തരീക്ഷത്തിൽ ശാന്തത നിലനിർത്തും. അതിനൊപ്പം തന്നെ കളിക്കാരിൽ കൂടുതൽ സമ്മർദ്ദവും അവൻ ചെലുത്തുകയില്ല, കാരണം വളരെ ശാന്തമായ കഥാപാത്രമാണ് അവന്റേത്. ഇത് ടീമിന് യഥാർത്ഥത്തിൽ സഹായകരമാകും. ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.
