Skip to content

റായുഡുവോ അയ്യരോ ടീമിൽ വേണമായിരുന്നു, ഏകദിന ലോകകപ്പ് ടീമിൽ ഞാൻ തൃപ്തല്ലായിരുന്നു, വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനിൽ താൻ അതൃപ്തനായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ടീം സെലക്ഷനിൽ തനിക്ക് പങ്കുണ്ടായിരുന്നില്ലായിരുന്നുവെന്നും ടീമിൽ മൂന്ന് വിക്കറ്റ് കീപ്പർമാരെ ഉൾപ്പെടുത്തിയത് മോശം തീരുമാനമായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു.

വിചിത്രമായ തീരുമാനങ്ങളായിരുന്നു ലോകകപ്പിൽ ഇന്ത്യൻ സെലക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായത്. എം എസ് ധോണി, റിഷഭ് പന്ത്‌, ദിനേശ് കാർത്തിക് എന്നീ മൂന്ന് വിക്കറ്റ് കീപ്പർമാരെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ സെമിഫൈനൽ പോരാട്ടത്തിനിറങ്ങിയത്. മത്സരത്തിൽ 18 റൺസിന് ഇന്ത്യ പരാജയപെടുകയും ചെയ്തിരുന്നു. പരിക്കേറ്റ വിജയ് ശങ്കറിന് പകരക്കാരനായാണ് റിഷഭ് പന്ത്‌ ടീമിലെത്തിയത്. അമ്പാട്ടി റായുഡുവിനെ ഒഴിവാക്കി വിജയ് ശങ്കറെ ടീമിൽ ഉൾപ്പെടുത്തിയ തീരുമാനവും നിരവധി വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

” ടീം സെലക്ഷനിൽ എനിക്ക് ഒന്നും തന്നെ പറയാനില്ലായിരുന്നു, ലോകകപ്പിനായി മൂന്ന് വിക്കറ്റ് കീപ്പർമാരെ തിരഞ്ഞെടുത്ത തീരുമാനത്തോട് യോജിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. ശ്രേയസ് അയ്യരിനെയോ അമ്പാട്ടി റായുഡുവിനെയോ ടീമിൽ ഉൾപ്പെടുത്തണമെന്നായിരുന്നു. എം എസ് ധോണിയും റിഷഭ് പന്തും ദിനേശ് കാർത്തിക്കും ഒരുമിച്ചുകളിക്കുന്നതിന് പിന്നിൽ എന്ത് യുക്തിയാണുള്ളത്. ”

” എന്നാൽ എന്നോട് അഭിപ്രായം ചോദിച്ചപ്പോഴോ പൊതുവായ ചർച്ചയുടെ ഭാഗമായോ അല്ലാതെ ഞാൻ ഒരിക്കലും സെലക്ടർമാരുടെ ജോലിയിൽ ഇടപെട്ടിട്ടില്ല. ” രവി ശാസ്ത്രി പറഞ്ഞു.

സെമിഫൈനലിൽ ന്യൂസിലാൻഡിനെതിരെ 240 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 24 റൺസിൽ നാല് വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടപെട്ടിരുന്നു. റിഷഭ് പന്ത്‌ 32 റൺസ് നേടി പുറത്തായപ്പോൾ ദിനേശ് കാർത്തിക്കിന് 25 പന്തിൽ 6 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. ധോണി 72 പന്തിൽ 50 റൺസ് നേടിയാണ് പുറത്തായത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എം എസ് ധോണിയുടെ അവസാന മത്സരം കൂടിയായിരുന്നു ഇത്.