Skip to content

ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും കോഹ്ലിയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സൗരവ് ഗാംഗുലി

ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും വിരാട് കോഹ്ലിയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ സൗരവ് ഗാംഗുലി. സൗത്താഫ്രിക്കൻ പര്യടനത്തിന് മുൻപായാണ് അപ്രതീക്ഷിതമായി വിരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കി രോഹിത് ശർമ്മയെ ഇന്ത്യൻ ക്യാപ്റ്റനായി ബിസിസിഐ നിയമിച്ചത്. ഈ തീരുമാനത്തിന് പുറകെ കോഹ്ലി ആരാധകർ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

( Picture Source : BCCI )

ഐസിസി ടി20 ലോകകപ്പിന് ശേഷം ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം കോഹ്ലി ഒഴിഞ്ഞിരുന്നു. എന്നാൽ ടി20 ക്യാപ്റ്റൻ സ്ഥാനം മാത്രമാണ് താൻ ഒഴിയുന്നതെന്നും ഏകദിന ക്രിക്കറ്റിലും ടെസ്റ്റിലും ക്യാപ്റ്റനായി താൻ തുടരുമെന്നും കോഹ്ലി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

( Picture Source : BCCI )

” ഈ തീരുമാനം സെലക്ടർമാരും ബിസിസിഐയും ഒത്തുചേർന്നെടുത്ത തീരുമാനമാണ്. ”

” ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് ഞങ്ങൾ അവനോട് ആവശ്യപെട്ടിരുന്നു എന്നാൽ അവൻ ഞങ്ങളുടെ ആവശ്യം അംഗീകരിച്ചില്ല. ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ രണ്ട് വ്യത്യസ്ത ക്യാപ്റ്റന്മാർ എന്ന ആശയത്തെ അംഗീകരിക്കാൻ സെലക്ടർമാർക്ക് സാധിച്ചില്ല. അതുകൊണ്ടാണ് ടെസ്റ്റിൽ ക്യാപ്റ്റനായി കോഹ്ലി തുടരാനും രോഹിത് ശർമ്മയെ വൈറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റനാക്കുവാനും തീരുമാനിച്ചത്. ബിസിസിഐ പ്രസിഡന്റ് എന്ന നിലയിൽ വ്യക്തിപരമായി ഞാൻ കോഹ്ലിയോട് സംസാരിച്ചിരുന്നു, ഒപ്പം സെലക്ടർമാരുടെ ചെയർമാനും അവനോട് സംസാരിച്ചിരുന്നു. ” സൗരവ്‌ ഗാംഗുലി പറഞ്ഞു.

( Picture Source : BCCI )

” രോഹിത് ശർമ്മയുടെ നേതൃത്വപരമായ കഴിവുകളിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. വിരാട് കോഹ്ലി ടെസ്റ്റിൽ ക്യാപ്റ്റനായി തുടരും. ഇന്ത്യൻ ക്രിക്കറ്റ് അവരുടെ കൈകളിൽ ഭദ്രമാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. വൈറ്റ് ബോൾ ഫോർമാറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി നൽകിയ സംഭാവനകൾക്ക് ഞങ്ങൾ നന്ദിപറയുന്നു. ” സൗരവ്‌ ഗാംഗുലി കൂട്ടിച്ചേർത്തു.

( Picture Source : BCCI )

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ഇന്ത്യൻ ക്യാപ്റ്റനാണ് വിരാട് കോഹ്ലി. ഇന്ത്യയെ നയിച്ച 95 ൽ 65 മത്സരങ്ങളിലും ടീമിനെ വിജയത്തിലെത്തിച്ചുവെങ്കിലും ഐസിസി ടൂർണമെന്റുകളിൽ തിളങ്ങാൻ കോഹ്ലിയുടെ കീഴിൽ ഇന്ത്യയ്ക്ക് സാധിച്ചില്ല.

( Picture Source : BCCI )