Skip to content

സെഞ്ചുറികൾ നേടുന്നതിലല്ല, ലോകകപ്പ് വിജയിക്കുന്നതിലാണ് കാര്യം, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ തന്റെ പ്രധാന ലക്ഷ്യം ലോകകപ്പ് വിജയമാണെന്ന് ഇന്ത്യൻ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ രോഹിത് ശർമ്മ. എത്രത്തോളം സെഞ്ചുറികൾ നേടിയാലും അത് ചാമ്പ്യൻഷിപ്പ് വിജയത്തിന് പകരം വെക്കുവാൻ സാധിക്കുകയില്ലെന്നും ഇന്ത്യൻ ഏകദിന ക്യാപ്റ്റനായി നിയമിക്കപ്പെട്ട ശേഷമുള്ള ആദ്യ അഭിമുഖത്തിൽ രോഹിത് ശർമ്മ പറഞ്ഞു.

( Picture Source : BCCI )

ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഐസിസി ടി20 ലോകകപ്പോടെ ഒഴിവായ വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിൽ താൻ ക്യാപ്റ്റനായി തുടരുമെന്ന് അറിയിച്ചിരുന്നു, എന്നാൽ സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപായി ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും വിരാട് കോഹ്ലിയെ ബിസിസിഐ പുറത്താക്കുകയായിരുന്നു. അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിലും 2023 ൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലും രോഹിത് ശർമ്മയായിരിക്കും ഇന്ത്യയെ നയിക്കുക.

( Picture Source : BCCI )

” ഒരു കായികയിനത്തിൽ കളിക്കുമ്പോൾ നമ്മൾ ആഗ്രഹിക്കുന്നത് ഏറ്റവും മികച്ചതെന്തോ അത് നേടിയെടുക്കാനാണ്. ക്രിക്കറ്റിൽ ഏറ്റവും മികച്ചത് ചാമ്പ്യൻഷിപ്പ് വിജയം തന്നെയാണ്. നിങ്ങൾ എത്രത്തോളം സെഞ്ചുറി നേടിയാലും എന്നും നിങ്ങളുടെ മനസ്സിൽ ഉണ്ടാകുക ചാമ്പ്യൻഷിപ്പ് വിജയമാണ്, കാരണം അത് ഒരു ടീമിന്റെ മൊത്തം പ്രയത്നഫലമാണ്. എന്തൊക്കെ പറഞ്ഞാലും ക്രിക്കറ്റ് എന്നത് ഒരു ടീം സ്‌പോർടാണ്, ഒരു ടീമെന്ന നിലയിലുള്ള നേട്ടമാണ് എനിക്ക് ഏറ്റവും വലുത്. ” രോഹിത് ശർമ്മ പറഞ്ഞു.

( Picture Source : BCCI )

” തീർച്ചയായും തുടർന്നുള്ള വർഷങ്ങളിൽ ലോകകപ്പുകൾ വരാനിരിക്കുന്നു, അതിൽ ഞങ്ങളുടെ കണ്ണുണ്ടാകും, എന്നാൽ ഒരു ടീമെന്ന നിലയിൽ ആ ചാമ്പ്യൻഷിപ്പുകൾ നേടുവാൻ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അത് നേടുവാൻ പോന്ന ടീമും കളിക്കാരും സപ്പോർട്ട് സ്റ്റാഫും നമുക്കുണ്ട്. ലോകകപ്പ് നേടുകയെന്നതാണ് ടീമിന്റെ പ്രധാനലക്ഷ്യം, ആ ചാമ്പ്യൻഷിപ്പുകൾ ലക്ഷ്യം വെയ്ക്കുമ്പോൾ ഒരുപാട് സമ്മർദ്ദവും പ്രതീക്ഷകളും കളിക്കാരിലുണ്ടാകും. ”

( Picture Source : BCCI )

” ഞാൻ ചെയ്യാനാഗ്രഹിക്കുന്ന ഒരു കാര്യം എന്റെ കളിക്കാരിൽ നിന്നും സമ്മർദ്ദത്തെ എടുത്തുമാറ്റുകയെന്നതാണ്, ചില കാര്യങ്ങൾ ശരിയായി ചെയ്താൽ അത് സാധ്യമാകും. അതിനായി സുരക്ഷയും അവരുടെ കഴിവ് പുറത്തെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകേണ്ടതുണ്ട്. ” രോഹിത് ശർമ്മ പറഞ്ഞു.

( Picture Source : BCCI )