ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെ വിജയത്തിൽ എനിക്ക് വലിയ റോളില്ല, ക്രെഡിറ്റ് അർഹിക്കുന്നത് അവരാണ്… : രോഹിത് ശർമ്മ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ വിജയത്തിൽ തനിക്ക് വലിയ പങ്കില്ലെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. 2013ൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രോഹിത് ടീമിനായി 5 കപ്പുകൾ നേടി കൊടുത്തിട്ടുണ്ട്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കപ്പുകൾ നേടിയ ക്യാപ്റ്റനും രോഹിത് തന്നെയാണ്. എന്നാൽ തനിക്ക് ഈ നേട്ടത്തിൽ വലിയ റോൾ ഇല്ലെന്നാണ് രോഹിത് പറയുന്നത്.

” എനിക്ക് ലഭിച്ച താരങ്ങൾ ഉള്ളതിനാലാണ് മുംബൈയിൽ ഞാൻ വലിയ വിജയം കൈവരിച്ചത്. സത്യസന്ധമായി പറഞ്ഞാൽ, എനിക്ക് അവിടെ വളരെ കുറച്ച് റോൾ മാത്രമേ ചെയ്യാനുള്ളൂ.  എനിക്കുണ്ടായിരുന്ന ടീം മികച്ചതായിരുന്നു.  അത്തരം സോളിഡ് ഗൺ കളിക്കാരെ സൃഷ്ടിച്ചതിനും കളിക്കാർക്ക് പോയി പെർഫോം ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിച്ചതിനും മാനേജ്മെന്റിന് ക്രെഡിറ്റ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ” രോഹിത് പറഞ്ഞു.

ഒരു ക്യാപ്റ്റനെന്ന നിലയിൽ ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും നിർണായക മാറ്റങ്ങളിൽ താൻ  തീരുമാനങ്ങൾ എടുക്കാറുണ്ടെന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.   അവസാന ഓവർ, ആദ്യ ഓവർ ആർക്കൊക്കെ കൊടുക്കണമെന്ന പോലുള്ള ചില നിർണായക തീരുമാനങ്ങൾ എടുക്കുന്നത് ക്യാപ്റ്റനെന്ന നിലയില ഞാനാണ്. എന്നിരുന്നാലും, ആത്യന്തികമായി  കളിക്കാരുടെയും ടീമിന്റെയും മൊത്തത്തിലുള്ള നേട്ടമാണ് രോഹിത് പറഞ്ഞു.

2022 ലെ മെഗാലേലത്തിന് മുന്നോടിയായി രോഹിത് ശർമയെ ഉൾപ്പെടെ മുംബൈ ഇന്ത്യൻസ് 4 പേരെ നിലനിർത്തിയിട്ടുണ്ട്. അതിൽ ആദ്യത്തേത് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് (16 കോടി രൂപ).  പേസ് കുന്തമുന ജസ്പ്രീത് ബുംറ (12 കോടി), മധ്യനിര ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ് (8 കോടി) എന്നിവരാണ് പട്ടികയിലെ രണ്ട് മൂന്ന് താരങ്ങൾ.  വെസ്റ്റ് ഇൻഡീസ് നായകൻ കീറോൺ പൊള്ളാർഡിനെയാണ് നാലാമനായി മുംബൈ ഇന്ത്യൻസ് ആറ് കോടി രൂപയ്ക്ക്  നിലനിർത്തിയത്.

അതേസമയം ഇന്ത്യയുടെ ഏകദിന ഫോർമാറ്റിലും ക്യാപ്റ്റനായി രോഹിത് ശർമ്മയെ നിയമിച്ചിട്ടുണ്ട്. നേരെത്തെ കോഹ്ലി ടി20യിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം ഒഴിവായതിന് പിന്നാലെ രോഹിതിനെ പുതിയ ക്യാപ്റ്റനായി ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച്  ബിസിസിഐ കോഹ്ലി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കി രോഹിതിനെ ഏൽപ്പിച്ചത്. 2022ൽ ടി20 ലോകക്കപ്പും 2023ൽ ഏകദിന ലോകക്കപ്പും വരാനിരിക്കെയാണ് തീരുമാനം.