സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമിൽ തുടരുന്ന അജിങ്ക്യ രഹാനെയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കിയ ഇന്ത്യ രോഹിത് ശർമ്മയെയാണ് പുതിയ വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. ഡിസംബർ 26 നാണ് മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

മോശം പ്രകടനമായിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ അജിങ്ക്യ രഹാനെ കാഴ്ച്ചവെച്ചുകൊണ്ടിരുന്നത്. 2020 മുതൽ 16 മത്സരങ്ങളിൽ നിന്നും 24.39 ശരാശരിയിൽ ഒരു സെഞ്ചുറിയും 2 ഫിഫ്റ്റിയുമടക്കം 683 റൺസ് നേടാൻ മാത്രമാണ് രഹാനെയ്ക്ക് സാധിച്ചിട്ടുള്ളത്. മറുഭാഗത്ത് പുതിയ വൈസ് ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട രോഹിത് ശർമ്മ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. 11 മത്സരങ്ങളിൽ നിന്നും 47.68 ശരാശരിയിൽ 906 റൺസ് നേടിയ ഹിറ്റ്മാനാണ് ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള രണ്ടാമത്തെ ബാറ്റർ. 1455 റൺസ് നേടിയ ജോ റൂട്ട് മാത്രമാണ് ഹിറ്റ്മാന് മുൻപിലുള്ളത്.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും ഒഴിവാക്കപെട്ട ഹനുമാ വിഹാരി ടീമിൽ തിരിച്ചെത്തിയപ്പോൾ അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരും ടീമിൽ സ്ഥാനം നിലനിർത്തി. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ഓപ്പണർ ശുഭ്മാൻ ഗിൽ എന്നിവർക്ക് പരിക്ക് മൂലം പരമ്പരയിൽ കളിക്കാനാകില്ല. ന്യൂസിലാൻഡിനെതിരായ പരമ്പരകളിൽ വിശ്രമം നൽകിയ മൊഹമ്മദ് ഷാമിയും ജസ്പ്രീത് ബുംറയും വിക്കറ്റ് കീപ്പർ റിഷഭ് പന്തും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചില്ലയെങ്കിലും ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും കോഹ്ലിയെ ഒഴിവാക്കിയ ബിസിസിഐ രോഹിത് ശർമ്മയെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. ഇതോടെ ഏകദിനത്തിലും ടി20യിലും ഇനി രോഹിത് ശർമ്മയായിരിക്കും ഇന്ത്യയെ നയിക്കുക.

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം
വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ഋഷഭ് പന്ത് (wk), വൃദ്ധിമാൻ സാഹ (wk), ആർ അശ്വിൻ, ജയന്ത് യാദവ്, ഇഷാന്ത് ശർമ, മൊഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഷാർദുൽ താക്കൂർ, മൊഹമ്മദ് സിറാജ്.
