ഏകദിനത്തിലും ഇനി ഇന്ത്യയെ ഹിറ്റ്മാൻ നയിക്കും, കോഹ്ലി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പുറത്ത്
ഇന്ത്യൻ ടീമിന്റെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും വിരാട് കോഹ്ലിയെ ഒഴിവാക്കി. രോഹിത് ശർമ്മയായിരിക്കും ഇനി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കുക. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ബിസിസിഐ ഇക്കാര്യം പുറത്തുവിട്ടത്. ടെസ്റ്റ് ക്രിക്കറ്റിൽ അജിങ്ക്യ രഹാനെയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഇന്ത്യ ഒഴിവാക്കി. രോഹിത് ശർമ്മയായിരിക്കും ഇനി ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ.

നേരത്തെ ഐസിസി ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച വിരാട് കോഹ്ലി ഏകദിനത്തിലും ടെസ്റ്റിലും താൻ ക്യാപ്റ്റനായി തുടരുമെന്ന് അറിയിച്ചിരുന്നു. എന്നാൽ സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപായി ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും ബിസിസിഐ കോഹ്ലിയെ ഒഴിവാക്കിയിരിക്കുകയാണ്.

ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കപെട്ടുവെങ്കിലും ടെസ്റ്റിൽ കോഹ്ലി ക്യാപ്റ്റനായിതുടരും. ഏകദിനത്തിൽ വൈസ് ക്യാപ്റ്റൻ ആരായിരിക്കുമെന്ന് ബിസിസിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ടി20യിൽ കെ എൽ രാഹുലിനെയാണ് ബിസിസിഐ വൈസ് ക്യാപ്റ്റനായി നിയമിച്ചത്. സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചുവെങ്കിലും ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
95 ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുള്ള വിരാട് 65 മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്. 27 മത്സരങ്ങളിൽ മാത്രമാണ് കോഹ്ലിയുടെ കീഴിൽ ഇന്ത്യ പരാജയപെട്ടിട്ടുള്ളത്. ഇക്കാലയളവിൽ 2017 ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഫൈനലിലും 2019 ഏകദിന ലോകകപ്പിൽ സെമിഫൈനലിലും ഇന്ത്യയ്ക്കെത്താൻ സാധിച്ചുവെങ്കിലും ടീമിന് കിരീടം നേടികൊടുക്കുവാൻ കോഹ്ലിയ്ക്ക് സാധിച്ചില്ല. ഇന്ത്യൻ ക്യാപ്റ്റനായി ഏകദിനത്തിൽ 95 മത്സരങ്ങളിൽ നിന്നും 21 സെഞ്ചുറിയും 27 ഫിഫ്റ്റിയുമടക്കം 72.65 ശരാശരിയിൽ 5449 റൺസ് കോഹ്ലി നേടിയിട്ടുണ്ട്.
2022 ൽ ഐസിസി ടി20 ലോകകപ്പും 2023 ൽ ഐസിസി ഏകദിന ലോകകപ്പും നടക്കാനിരിക്കുന്ന രോഹിത് ശർമ്മ ഇന്ത്യയെ കിരീടനേട്ടത്തിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം
വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ഋഷഭ് പന്ത് (wk), വൃദ്ധിമാൻ സാഹ (wk), ആർ അശ്വിൻ, ജയന്ത് യാദവ്, ഇഷാന്ത് ശർമ, മൊഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഷാർദുൽ താക്കൂർ, മൊഹമ്മദ് സിറാജ്.
