Skip to content

സാക്ഷാൽ മുത്തയ്യ മുരളീധരന്റെ റെക്കോർഡ് തകർക്കുവാൻ അവന് സാധിക്കും, അശ്വിനെ പ്രശംസിച്ച് സഞ്ജയ് ബംഗാർ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറെന്ന ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ റെക്കോർഡ് തകർക്കുവാൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന് സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ. നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ് അശ്വിനുള്ളത്.

( Picture Source : BCCI )

മുംബൈ ടെസ്റ്റിലെ പ്രകടനമടക്കം 81 മത്സരങ്ങളിൽ നിന്നും 427 വിക്കറ്റുകൾ അശ്വിൻ നേടിയിട്ടുണ്ട്. മറുഭാഗത്ത് 133 മത്സരങ്ങളിൽ നിന്നും 800 വിക്കറ്റുകൾ നേടിയാണ് മുത്തയ്യ മുരളീധരൻ പട്ടികയിൽ ഒന്നാം സ്ഥാനം കൈയ്യടക്കിവെച്ചിരിക്കുന്നത്. മുത്തയ്യ മുരളീധരന്റെ റെക്കോർഡ് തകർക്കുവാൻ ഇനിയും ഏറെദൂരം അശ്വിന് സഞ്ചരിക്കാനുണ്ടെങ്കിലും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുവാൻ സാധിച്ചാൽ ആ വമ്പൻ റെക്കോർഡ് മറികടക്കാൻ അശ്വിന് സാധിക്കുമെന്ന് സഞ്ജയ് ബംഗാർ പറഞ്ഞു.

( Picture Source : BCCI )

” ഫിറ്റ്നസ് നിലനിർത്തുകയും ദീർഘകാലം കളിക്കാനും സാധിച്ചാൽ മുത്തയ്യ മുരളീധരന്റെ റെക്കോർഡിന് വെല്ലുവിളിയുയർത്താൻ അശ്വിന് സാധിക്കും. കാരണം തന്റെ റെക്കോർഡ് തകർക്കാൻ ആർക്കെങ്കിലും സാധിക്കുമെങ്കിൽ അത് അശ്വിന് മാത്രമായിരിക്കുമെന്ന് മുത്തയ്യ മുരളീധരൻ തന്നെ പറഞ്ഞിട്ടുണ്ട്. ”

( Picture Source : BCCI )

” ഇതവന്റെ കരിയറിന്റെ രണ്ടാം ഘട്ടമാണ്, കാരണം അവൻ ഇപ്പോൾ ടി20 ക്രിക്കറ്റിലും തിരിച്ചെത്തി, ലോങ് സ്പെല്ലുകൾ അവനെറിയുന്ന രീതിനോക്കൂ, ടെസ്റ്റ് ക്രിക്കറ്റിലെത്തിയപ്പോൾ അവൻ ഓഫ് സ്പിന്നിൽ കൂടുതലായി ശ്രദ്ധകേന്ദ്രീകരിച്ചു, ഇതെല്ലാം ആ വമ്പൻ റെക്കോർഡ് അവൻ മറികടക്കുമെന്നതിന്റെ നല്ല സൂചനകളാണ്. ” സഞ്ജയ് ബംഗാർ പറഞ്ഞു.

കാൺപൂരിൽ നടന്ന ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി അശ്വിൻ മാറിയിരുന്നു. ഹർഭജൻ സിങിനെ പിന്നിലാക്കിയാണ് സാക്ഷാൽ അനിൽ കുംബ്ലെയ്ക്കും കപിൽ ദേവിനും പിന്നിൽ അശ്വിനെത്തിയത്. ഈ വർഷം ടെസ്റ്റിൽ അഞ്ച് മത്സരങ്ങൾ നഷ്ട്ടമായ ശേഷവും 50 വിക്കറ്റുകൾ രവിചന്ദ്രൻ അശ്വിൻ പൂർത്തിയാക്കി. ഓസ്‌ട്രേലിയക്കെതിരായ ഗാബ ടെസ്റ്റ് പരിക്ക് മൂലം നഷ്ടമായ അശ്വിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാല് മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല.

( Picture Source : BCCI )