Skip to content

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ അവനാണ്, കോഹ്ലിയെ പ്രശംസിച്ച് ഇർഫാൻ പത്താൻ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയാണെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ന്യൂസിലാൻഡിനെതിരെ മുംബൈയിൽ ഇന്ത്യ നേടിയ വമ്പൻ വിജയത്തിന് പുറകെയാണ് കോഹ്ലിയെ ഇർഫാൻ പത്താൻ പ്രശംസിച്ചത്. 372 റൺസിനായിരുന്നു മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ പരാജയപെടുത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.

( Picture Source : BCCI )

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ്. ഇന്ത്യയെ നയിച്ച 66 മത്സരങ്ങളിൽ 39 ലും ടീമിനെ കോഹ്ലി വിജയത്തിലെത്തിച്ചു. 16 മത്സരങ്ങളിൽ മാത്രമാണ് കോഹ്ലിയുടെ കീഴിൽ ഇന്ത്യ പരാജയപെട്ടത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയവരുടെ പട്ടികയിൽ 53 വിജയം നേടിയ മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത്, 48 വിജയം നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്, 41 വിജയം നേടിയ സ്റ്റീവ് വോ എന്നിവർ മാത്രമാണ് കോഹ്ലിയ്ക്ക് മുൻപിലുള്ളത്.

( Picture Source : BCCI )

” ഞാൻ മുൻപ് പറഞ്ഞതുപോലെ വീണ്ടും പറയുകയാണ്, കോഹ്ലിയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ. 59.09 വിജയശതമാനത്തോടെ ഏറ്റവും മുൻപിലാണ് അവനുള്ളത്, രണ്ടാം സ്ഥാനക്കാരന്റെ വിജയശതമാനമാകട്ടെ 45% മാത്രമാണ് ” ട്വിറ്ററിൽ പത്താൻ കുറിച്ചു.

( Picture Source : BCCI )

ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയശതമാനമുള്ള മൂന്നാമത്തെ ക്യാപ്റ്റനാണ് വിരാട് കോഹ്ലി. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റന്മാരായ സ്റ്റീവ് വോ (71.92) റിക്കി പോണ്ടിങ് (62.33) എന്നിവർ മാത്രമാണ് വിജയശതമാനത്തിന്റെ അടിസ്ഥാനത്തിൽ കോഹ്ലിയ്ക്ക് മുൻപിലുള്ളത്. ഇന്ത്യയെ വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ വിജയിപ്പിച്ച ക്യാപ്റ്റനെന്ന റെക്കോർഡും കോഹ്ലിയുടെ പേരിലാണ്. കോഹ്ലിയുടെ കീഴിൽ ഇന്ത്യയ്ക്ക് പുറത്ത് 15 മത്സരങ്ങളിൽ ടീം വിജയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് 11 വിജയം നേടിയ സൗരവ് ഗാംഗുലിയാണ് ഈ നേട്ടത്തിൽ കോഹ്ലിയ്ക്ക് പുറകിലുള്ളത്.

മുംബൈ ടെസ്റ്റിലെ തകർപ്പൻ വിജയത്തോടെ ഇന്ത്യ ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ന്യൂസിലാൻഡിനെ പിന്നിലാക്കികൊണ്ടാണ് ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.

( Picture Source : BCCI )