ബുംറയുടെയും ഷാമിയുടെയും കുറവ് അവനുള്ളപ്പോൾ അനുഭവപെടുന്നില്ല, മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം
മുംബൈ ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മത്സരത്തിലെ ആദ്യ ഇന്നിങ്സിലെ ആദ്യ മൂന്ന് ഓവറുകളിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ സിറാജാണ് ന്യൂസിലാൻഡിന്റെ മുൻനിരയെ തകർത്തത്.

ആദ്യ ഇന്നിങ്സിൽ 62 റൺസ് നേടുവാൻ മാത്രമാണ് ന്യൂസിലാൻഡിന് സാധിച്ചത്. കഴിഞ്ഞ മത്സരത്തിൽ രണ്ട് ഇന്നിങ്സിലും ഫിഫ്റ്റി നേടിയ ടോം ലാതം, വിൽ യങ്, സീനിയർ താരം റോസ് ടെയ്ലർ എന്നിവരുടെ വിക്കറ്റാണ് മൊഹമ്മദ് സിറാജ് വീഴ്ത്തിയത്. സിറാജിന് പുറമെ രവിചന്ദ്രൻ അശ്വിൻ നാല് വിക്കറ്റും അക്ഷർ പട്ടേൽ രണ്ട് വിക്കറ്റും നേടി.

263 റൺസിന്റെ വമ്പൻ ലീഡാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയത്. രണ്ടാം ദിനം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 69 റൺസ് നേടിയിട്ടുണ്ട്. 38 റൺസ് നേടിയ മായങ്ക് അഗർവാളും 29 റൺസ് നേടിയ ചേതേശ്വർ പുജാരയുമാണ് ക്രീസിലുള്ളത്.

” ആരെയും മിസ്സ് ചെയ്യുവാൻ അവൻ അനുവദിച്ചില്ല. നമ്മൾ ഇഷാന്ത് ശർമ്മയുടെ പരിക്കിനെ കുറിച്ച് സംസാരിച്ചില്ല. ജസ്പ്രീത് ബുംറയും മൊഹമ്മദ് ഷാമിയും കളിക്കാത്തതിനെ കുറിച്ചും നമ്മൾ സംസാരിച്ചില്ല, കഴിഞ്ഞ മത്സരത്തിൽ ഇവരുടെ അഭാവത്തെ കുറിച്ച് നമ്മൾ സംസാരിച്ചിരുന്നു, എന്നാൽ മൊഹമ്മദ് സിറാജുള്ളപ്പോൾ ബുംറയുടെയും ഷാമിയുടെയും അഭാവം ഇന്ത്യയ്ക്ക് അനുഭവപെടുന്നില്ല. ” ആകാശ് ചോപ്ര പറഞ്ഞു.

” കഠിനപ്രയത്നമാണ് അവന്റെ സവിശേഷത, കളിക്കളത്തിൽ ഉള്ളപ്പോഴെല്ലാം അവനാൽ കഴിയുന്നതെല്ലാം അവൻ ടീമിന് വേണ്ടി നൽകുന്നു. എന്നാൽ അതുമാത്രമല്ല എത്രത്തോളം പാഷൻ ഉണ്ടെങ്കിലും വിക്കറ്റ് നേടുവാനുള്ള കഴിവ് ഈ തലത്തിൽ അനിവാര്യമാണ്, ആ കഴിവ് അവനുണ്ട്. റോസ് ടെയ്ലറെ പുറത്താക്കിയ അവന്റെ ആ പന്ത് ഒരിക്കലും കളിക്കുവാൻ സാധിക്കുകയില്ല. ടോം ലാതത്തിനെതിരെ തുടർച്ചയായി രണ്ട് ബൗൺസറുകൾ അവനെറിഞ്ഞുകൊണ്ട്, ഇത് കാൺപൂരല്ല, വാങ്കഡെയാണെന്ന് കാണിച്ചു കൊടുത്തു. ” ആകാശ് ചോപ്ര പറഞ്ഞു.
