Skip to content

ന്യൂസിലാൻഡിനെ എറിഞ്ഞിട്ട് ഇന്ത്യ, നേടിയത് വമ്പൻ ലീഡ്, രണ്ടാം ഇന്നിങ്സിൽ മികച്ച തുടക്കം

മുംബൈ ടെസ്റ്റിൽ പിടിമുറുക്കി ആതിഥേയരായ ഇന്ത്യ. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 325 റൺസ് നേടി പുറത്തായ ഇന്ത്യ മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലാൻഡിനെ 62 റൺസിലൊതുക്കിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടം കൂടാതെ 69 റൺസ് നേടിയിട്ടുണ്ട്.

( Picture Source : BCCI )

അജാസ് പട്ടേലിന്റെ 10 വിക്കറ്റ് നേട്ടത്തിന്റെ മികവിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ 325 റൺസിൽ ഒതുക്കിയ ന്യൂസിലാൻഡ് മറുപടി ബാറ്റിങിൽ തകർന്നടിയുകയായിരുന്നു. 62 റൺസ് മാത്രമാണ് ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡിന് നേടാൻ സാധിച്ചത്. 10 റൺ നേടിയ ക്യാപ്റ്റൻ ടോം ലാതവും 17 റൺസ് നേടിയ കെയ്ൽ ജാമിൻസണും മാത്രമാണ് ന്യൂസിലാൻഡ് നിരയിൽ രണ്ടക്കം കടന്നത്.

( Picture Source : BCCI )

ന്യൂസിലാൻഡ് മുൻനിരയെ വീഴ്ത്തിയ മൊഹമ്മദ് സിറാജാണ് ന്യൂസിലാൻഡിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. തന്റെ ഓപ്പണിങ് സ്പെല്ലിൽ ക്യാപ്റ്റൻ ടോം ലാതം, വിൽ യങ്, റോസ് ടെയ്ലർ എന്നിവരെ സിറാജ് പുറത്താക്കി. രവിചന്ദ്രൻ അശ്വിൻ എട്ടോവറിൽ 8 റൺ വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അക്ഷർ പട്ടേൽ 2 വിക്കറ്റും ജയന്ത് യാദവ് ഒരു വിക്കറ്റും നേടി.

( Picture Source : BCCI )

263 റൺസിന്റെ വമ്പൻ ഒന്നാമിന്നിങ്‌സ് ലീഡ് നേടി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 69 റൺസ് നേടിയിട്ടുണ്ട്. 38 റൺസ് നേടിയ മായങ്ക് അഗർവാളും 29 റൺസ് നേടിയ ചേതേശ്വർ പുജാരയുമാണ് ക്രീസിലുള്ളത്. ശുഭ്മാൻ ഗില്ലിന് പരിക്ക് പറ്റിയതോടെയാണ് പുജാര ഓപ്പണറായി ഇറങ്ങിയത്. നേരത്തെ ആദ്യ ഇന്നിങ്സിൽ 150 റൺസ് നേടിയ മായങ്ക് അഗർവാളാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. അക്ഷർ പട്ടേൽ 52 റൺസും ശുഭ്മാൻ ഗിൽ 44 റൺസും നേടി.

( Picture Source : BCCI )