Skip to content

ചരിത്രനേട്ടം സ്വന്തമാക്കിയ അജാസ് പട്ടേലിനെ അഭിനന്ദിച്ച് ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ

ഇന്ത്യയ്ക്കെതിരെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകൾ നേടി ചരിത്രനേട്ടം സ്വന്തമാക്കിയ ന്യൂസിലാൻഡ് സ്പിന്നർ അജാസ് പട്ടേലിനെ അഭിനന്ദിച്ച് ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ. അനിൽ കുംബ്ലെയാണ് അവസാനമായി ഈ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്.

( Picture Source : BCCI )

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ ബൗളറാണ് അജാസ് പട്ടേൽ. മുൻ ഇംഗ്ലണ്ട് ഓഫ് സ്പിന്നർ ജിം ലാകറാണ് ആദ്യമായി ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേടിയത്. 1956 ൽ മാഞ്ചസ്റ്ററിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന ആഷസ് ടെസ്റ്റിലായിരുന്നു അദ്ദേഹം ഈ റെക്കോർഡ് സ്വന്തമാക്കിയത്. 51.2 ഓവറിൽ 53 റൺസ് വഴങ്ങിയാണ് അദ്ദേഹം 10 വിക്കറ്റുകൾ നേടിയത്.

43 വർഷങ്ങൾക്ക് ശേഷം അനിൽ കുംബ്ലെയാണ് പിന്നീട് ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേടി ഈ അപൂർവ്വനേട്ടം സ്വന്തമാക്കിയത്. 1999 ൽ ഡൽഹിയിൽ ചിരവൈരികളായ പാകിസ്ഥാനെതിരെയായിരുന്നു ഈ നേട്ടം അനിൽ കുംബ്ലെ കൈവരിച്ചത്. 26.3 ഓവറിൽ 74 റൺസ് വഴങ്ങിയാണ് 10 വിക്കറ്റുകൾ അനിൽ കുംബ്ലെ നേടിയത്.

( Picture Source : BCCI )

ഇപ്പോൾ 22 വർഷങ്ങൾക്ക് ശേഷം ഈ അപൂർവ്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലാൻഡ് സ്പിന്നർ അജാസ് പട്ടേൽ. മുംബൈയിൽ നടക്കുന്ന ഇന്ത്യയ്ക്കെതിരായ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലാണ് ഈ നേട്ടം അജാസ് പട്ടേൽ കൈവരിച്ചത്. അപൂർവ്വനേട്ടത്തിൽ തനിക്കൊപ്പമെത്തിയ അജാസ് പട്ടേലിനെ അനിൽ കുംബ്ലെ ട്വിറ്ററിലൂടെ അഭിനന്ദിക്കുകയും ചെയ്തു.

” ഈ ക്ലബ്ബിലേക്ക് അജാസ് പട്ടേലിന് സ്വാഗതം, നന്നായി ബൗൾ ചെയ്തു. ടെസ്റ്റ് മത്സരത്തിലെ ആദ്യ രണ്ട് ദിനങ്ങളിൽ നിന്നും ഈ നേട്ടം കൈവരിക്കുകയെന്നത് വലിയ ഉദ്യമമാണ്. ” അനിൽ കുംബ്ലെ പറഞ്ഞു.

( Picture Source : BCCI )

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 325 റൺസ് നേടിയാണ് പുറത്തായത്. 150 റൺസ് നേടിയ മായങ്ക് അഗർവാളും 52 റൺസ് നേടിയ അക്ഷർ പട്ടേലും 44 റൺസ് നേടിയ ശുഭ്മാൻ ഗില്ലുമാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലാൻഡ് തകർന്നടിയുകയാണ്. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ന്യൂസിലാൻഡിന് 38 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ടമായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് സിറാജാണ് ന്യൂസിലാൻഡിനെ തകർത്തത്. അക്ഷർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ജയന്ത് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

( Picture Source : BCCI )