Skip to content

മികച്ച പിച്ചൊരുക്കിയ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന്റെ സമ്മാനം

കാൺപൂർ ടെസ്റ്റിൽ മികച്ച പിച്ചൊരുക്കിയ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് 35000 രൂപ പാരിതോഷികമായി നൽകി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഇരുടീമുകൾക്കും അനുകൂലമായ പിച്ചായിരുന്നു കാൺപൂരിലേത്. ഇന്ത്യൻ സ്‌പിന്നർമാർ മത്സരത്തിൽ മികവ് പുലർത്തിയപ്പോൾ ന്യൂസിലാൻഡ് പേസർമാരായ ടിം സൗത്തീയും കെയ്ൽ ജാമിൻസണും മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

( Picture Source : BCCI )

രണ്ടാം ഇന്നിങ്സിൽ 284 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിന് 9 വിക്കറ്റുകൾ നഷ്ടപ്പെട്ടുവെങ്കിലും അവസാന വിക്കറ്റിൽ രച്ചിൻ രവീന്ദ്രയുടെയും അജാസ് പട്ടേലിന്റെയും നിർണായക കൂട്ടുകെട്ട് ന്യൂസിലാൻഡിനെ പരാജയത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു. രച്ചിൻ രവീന്ദ്ര 91 പന്തിൽ 18 റൺസും അജാസ് പട്ടേൽ 23 പന്തിൽ 2 റൺസും നേടി പുറത്താകാതെ നിന്നു.

( Picture Source : BCCI )

” ഒരു ഔദ്യോഗിക പ്രഖ്യാപനം നടത്തുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. രാഹുൽ ദ്രാവിഡ് ഞങ്ങളുടെ ഗ്രൗണ്ട്സ്മാന്മാർക്ക് വ്യക്തിപരമായി 35000 രൂപ നൽകിയിട്ടുണ്ട്. ” ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

( Picture Source : BCCI )

ഇതിനുമുൻപ് ഇന്ത്യയിൽ നടന്ന പരമ്പരകളിലെ മോശം പിച്ചുകൾ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു, മിക്ക മത്സരങ്ങളും മൂന്നോ നാലോ ദിവസത്തിനുള്ളിൽ അവസാനിച്ചതും കളിയുടെ ആവേശം കെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പിച്ചുകൾക്കെതിരെ മൈക്കൽ വോൺ അടക്കമുള്ള മുൻ താരങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

ബൗളർമാർക്കൊപ്പം ബാറ്റ്‌സ്മാന്മാർക്കും അനുകൂലമായ പിച്ചായിരുന്നു കാൺപൂരിലേത്. ശ്രേയസ് അയ്യരും ടോം ലാതവും വിൽ യങും അടക്കമുള്ള താരങ്ങൾ മികച്ച പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്. മത്സരത്തിൽ ഇന്ത്യൻ സ്‌പിന്നർമാർ രണ്ട് ഇന്നിങ്സിൽ നിന്നുമായി 17 വിക്കറ്റുകൾ നേടിയപ്പോൾ മറുഭാഗത്ത് ടിം സൗത്തീയും കെയ്ൽ ജാമിൻസണും രണ്ട് ഇന്നിങ്സിൽ നിന്നുമായി 14 വിക്കറ്റുകൾ നേടി.

( Picture Source : BCCI )

ഇന്ത്യൻ ഹെഡ് കോച്ചിന്റെ പാരിദോഷികം ഭാവിയിലെ ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ പിച്ചുകൾ എങ്ങനെയാകുമെന്നതിന്റെ സൂചനകൂടിയാണ്. മികച്ച സ്പോർടിങ് പിച്ചുകൾ ഒരുക്കുന്നത് വഴി ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതൽ ആവേശത്തിലാക്കുവാനും ഇന്ത്യൻ യുവതാരങ്ങൾക്ക് വിദേശത്ത് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരവും നൽകും.

( Picture Source : BCCI )