ന്യൂസിലാൻഡും ഇന്ത്യയും തമ്മിലുള്ള കാൺപൂർ ടെസ്റ്റ് സമനിലയിൽ. രണ്ടാം ഇന്നിങ്സിൽ 284 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിന്റെ 9 വിക്കറ്റുകൾ നേടുവാൻ സാധിച്ചുവെങ്കിലും അവസാന വിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ച രച്ചിൻ രവീന്ദ്രയും അജാസ് പട്ടേലും ന്യൂസിലാൻഡിനെ പരാജയത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു.

അജാസ് പട്ടേൽ 91 പന്തിൽ 18 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ അജാസ് പട്ടേൽ 23 പന്തുകൾ നേരിട്ട് 2 റൺ നേടി പുറത്താകാതെ നിന്നു. അഞ്ചാം ദിനം അവസാനിക്കാൻ സമയം ശേഷിച്ചിരുന്നുവെങ്കിലും 90 ഓവറുകൾക്ക് ശേഷം വെളിച്ചകുറവ് മൂലം അമ്പയർമാർ മത്സരം അവസാനിപ്പിക്കുകയായിരുന്നു.

അഞ്ചാം ദിനത്തിൽ ആദ്യ സെഷനിൽ മികച്ച പ്രകടനമാണ് ന്യൂസിലാൻഡ് കാഴ്ച്ചവെച്ചത്. ആദ്യ സെഷനിൽ വിക്കറ്റ് നഷ്ടം കൂടാതെ 79 റൺസ് ന്യൂസിലാൻഡ് നേടിയിരുന്നു. എന്നാൽ രണ്ടാം സെഷനിൽ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിനാണ് കാൺപൂർ സാക്ഷ്യം വഹിച്ചത്. സ്കോർ 118 ൽ നിൽക്കെ 52 റൺസ് നേടിയ ഓപ്പണർ ടോം ലാതം പുറത്തായതോടെയാണ് ന്യൂസിലാൻഡിന്റെ തകർച്ച ആരംഭിച്ചത്. തുടർന്ന് ക്രീസിലെത്തിയ ആർക്കും തന്നെ മികവ് പുലർത്താൻ സാധിച്ചില്ലയെങ്കിലും അവസാന വിക്കറ്റിലെ നിർണായക കൂട്ടുകെട്ട് ന്യൂസിലാൻഡിനെ പരാജയത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു.

ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 24 റൺസ് നേടി പുറത്തായപ്പോൾ സീനിയർ താരം റോസ് ടെയ്ലർക്ക് 2 റൺസ് നേടാനെ സാധിച്ചുള്ളു. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റും അക്ഷർ പട്ടേൽ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ രണ്ടാം ഇന്നിങ്സിൽ 234 റൺസ് നേടിയ 284 റൺസിന്റെ വിജയലക്ഷ്യമുയർത്തി ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 65 റൺസ് നേടിയ ശ്രേയസ് അയ്യരും 61 രീബ്‌സ് നേടിയ വൃദ്ധിമാൻ സാഹയുമാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ മികവിൽ 345 റൺസ് നേടിയ ഇന്ത്യ ന്യൂസിലാൻഡിനെ 296 റൺസിലൊതുക്കി 49 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ട് ഇന്നിങ്സിലും ഫിഫ്റ്റി നേടിയ ടോം ലാതമാണ് മത്സരത്തിൽ ന്യൂസിലാൻഡിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.
