Skip to content

അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയ ഒരാളെ എങ്ങനെ ഒഴിവാക്കും, ഒഴിവാക്കേണ്ടത് അവനെയാണ്, ഡാനിയേൽ വെട്ടോറി

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ടാം മത്സരത്തോടെ ക്യാപ്റ്റൻ വിരാട് കോഹ്ലി തിരിച്ചെത്തുന്നതോടെ ഇന്ത്യൻ ടീമിൽ ഒഴിവാക്കേണ്ട താരത്തെ നിർദ്ദേശിച്ച് മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ഡാനിയേൽ വെട്ടോറി. കോഹ്ലിയുടെ അഭാവത്തിൽ ആദ്യ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യർ സെഞ്ചുറി നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മറുഭാഗത്ത് കോഹ്ലിയുടെ അഭാവത്തിൽ ടീമിനെ നയിക്കുന്ന അജിങ്ക്യ രഹാനെ രണ്ട് ഇന്നിങ്സിലും മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്.

( Picture Source : BCCI )

ആദ്യ ഇന്നിങ്സിൽ 63 പന്തിൽ 35 റൺസ് നേടി പുറത്തായ രഹാനെ രണ്ടാം ഇന്നിങ്സിൽ 15 പന്തിൽ 4 റൺ മാത്രം നേടിയാണ് പുറത്തായത്. ആദ്യ ഇന്നിങ്സിൽ ജാമിസനെതിരെ പുറത്തായ രഹാനെ രണ്ടാം ഇന്നിങ്സിൽ സ്പിന്നറായ അജാസ് പട്ടേലിനെതിരെയാണ് പുറത്തായത്. 2020 മുതൽ 29 ഇന്നിങ്സിൽ നിന്നും 25 ന് താഴെ ശരാശരിയിൽ 683 റൺസ് മാത്രമാണ് രഹാനെ നേടിയിട്ടുള്ളത്. ഒരു സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും മാത്രമാണ് ഇക്കാലയളവിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റന് നേടാൻ സാധിച്ചത്. രഹാനെ മാത്രമല്ല മോശം പ്രകടനമാണ് സീനിയർ ബാറ്റർ ചേതേശ്വർ പുജാരയും കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 2020 മുതൽ 30 ഇന്നിങ്സിൽ നിന്നും 27.65 ശരാശരിയിൽ 802 മാത്രമാണ് പുജാര നേടിയിട്ടുള്ളത്.

( Picture Source : BCCI )

” അജിങ്ക്യ രഹാനെ വളരെ മികച്ച പ്ലേയറാണെന്നാണ് ഞാൻ ഇപ്പോഴും കരുതുന്നു. അവന്റെ ബാറ്റിങ് കണ്ടപ്പോൾ അവൻ അഗ്രസീവായി കളിക്കാൻ ആഗ്രഹിക്കുന്നതായി തോന്നുന്നു. അവൻ കളിക്കുന്ന രീതി പരീക്ഷണാർത്ഥത്തിലാണെന്നും തോന്നുന്നില്ല. എന്നാൽ അവൻ പുറത്താകുന്നു, അതും പലതരത്തിൽ. ”

” ടീമിൽ നിന്നും ഡ്രോപ്പ് ചെയ്യപെട്ടാലും തിരിച്ചെത്താനുള്ള കഴിവാണ് ഒരു ബാറ്റ്‌സ്മാനെ പൂർണ്ണമാക്കുന്നത്, പ്രത്യേകിച്ചും ടെസ്റ്റ് തലത്തിൽ. ഇനി അടുത്ത മത്സരത്തിൽ ടീം മാനേജ്‌മെന്റ് അവനെ പുറത്തിരുത്തിയാലും അതോടെ അവന്റെ കരിയർ അവസാനിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇത് ഒരു മത്സരത്തിൽ നിന്നുള്ള ഒഴിവാക്കൽ മാത്രമാണ്, അതവന് തിരികെ പോകാനും തെറ്റുകൾ തിരുത്താനുമുള്ള അവസരം നൽകും. ”

( Picture Source : BCCI )

” ഒരു മികച്ച ടീമിനെതിരെ അരങ്ങേറ്റം കുറിച്ചുകൊണ്ട് സെഞ്ചുറി നേടിയ ശ്രേയസ് അയ്യരെ ഒഴിവാക്കുകയെന്നത് പ്രയാസമാണ്. അതുകൊണ്ട് തന്നെ രഹാനെയായിരിക്കും കോഹ്ലിയ്ക്ക് വേണ്ടി വഴിയൊരുക്കുക. ” ഡാനിയേൽ വെട്ടോറി പറഞ്ഞു.