Skip to content

എന്താണ് സംഭവിച്ചത് എന്നറിയാതെ രവീന്ദ്ര! ആരാധകരെ ആശ്ചര്യപ്പെടുത്തി ജഡേജയുടെ തകർപ്പൻ ഡെലിവറി ; വീഡിയോ

ന്യൂസിലന്‍ഡിനെതിരായ കാണ്പൂർ  ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യക്ക് നേരിയ ലീഡ്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 345ന് പുറത്തായപ്പോള്‍ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 296 റണ്‍സില്‍ പിടിച്ചു കെട്ടുകയായിരുന്നു.  49 റണ്‍സിന്റെ ലീഡാണ് നേടിയത്. രണ്ടാം ദിനത്തില്‍ മികച്ച സ്‌കോറുമായി വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിച്ച ന്യുസിലൻഡ് മൂന്നാം ദിനത്തില്‍ അടിയറവു പറയുകയായിരുന്നു.

അവസാന 100 റൺസ് നേടുന്നതിനിടെ 9 വിക്കറ്റുകളാണ് ന്യുസിലൻഡിന് നഷ്ട്ടമായത്. 196ന് 1 എന്ന നിലയിൽ ഉണ്ടായിരുന്ന ന്യുസിലൻഡ് 296ൽ എത്തുമ്പോഴേക്കും എല്ലാവരും കൂടാരം കയറി ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കളിയുടെ കടിഞ്ഞാണ്‍ കൈയിലേന്തിയതോടെ അവരുടെ ചെറുത്തു നില്‍പ്പിന്റെ മൂര്‍ച്ചയും കുറഞ്ഞു.

കൃത്യമായ ഇടവേളകളില്‍ സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേല്‍, അശ്വിന്‍, ജഡേജ എന്നിവര്‍ വിക്കറ്റുകള്‍ വീഴ്ത്തി. ന്യൂസിലന്‍ഡിന് നഷ്ടമായ പത്തില്‍ ഒന്‍പത് വിക്കറ്റുകളും ഇന്ത്യയുടെ സ്പിന്‍ ത്രയങ്ങള്‍ പങ്കിട്ടു. അക്ഷര്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അശ്വിന്‍ മൂന്നും ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. ഉമേഷ് യാദവും ഒരു വിക്കറ്റ് പിഴുതു. 95 റൺസ് നേടിയ ഓപ്പണർ ടോം ലാതമാണ് ന്യുസിലൻഡിന്റെ ടോപ്പ് സ്‌കോറർ.

ആദ്യ ഇന്നിംഗ്‌സിൽ ജഡേജ ഒരു വിക്കറ്റ് നേടിയതെങ്കിലും ബൗളിങ്ങിലൂടെ ജഡേജ ആരാധകരെ അമ്പരപ്പിച്ചിരുന്നു. റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാണിച്ച ജഡേജ തന്നെയാണ് ഇന്ത്യൻ ബൗളിങ് നിരയിൽ കുറവ് റൺസ് വിട്ടു നല്കിയത്. 33 ഓവറിൽ 57 റൺസ് മാത്രമാണ് വഴങ്ങിയത്.

ന്യുസിലൻഡ് താരം രവീന്ദ്രയെ പുറത്താക്കിയ പന്തും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. 111ആം ഓവറിലെ നാലാം പന്തിൽ പ്രതിരോധത്തിന് ശ്രമിച്ച രവീന്ദ്രയുടെ കുറ്റി പിഴുതെടുക്കുകയായിരുന്നു ജഡേജ. ബാറ്റിനും പാഡിനുമിടയിലുള്ള നേരിയ വിടവിലൂടെ കറങ്ങി കയറുകയായിരുന്നു ജഡേജയുടെ ഡെലിവറി.