Skip to content

കുതിപ്പ് തുടർന്ന് രവിചന്ദ്രൻ അശ്വിൻ, പിന്നിലാക്കിയത് സാക്ഷാൽ വസിം അക്രത്തെ

ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ വിക്കറ്റ് വേട്ട തുടർന്ന് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റ് അശ്വിൻ നേടിയിരുന്നു. ഈ പ്രകടനത്തോടെ വിക്കറ്റ് വേട്ടയിൽ മറ്റൊരു ഇതിഹാസ താരത്തെ കൂടെ പിന്നിലാക്കിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ.

( Picture Source : BCCI )

മത്സരത്തിലെ മൂന്നാം ദിനത്തിൽ വിൽ യങിനെ പുറത്താക്കിയ അശ്വിനാണ് ഇന്ത്യയ്ക്ക് അനിവാര്യമായ ബ്രെയ്ക്ക്ത്രൂ നൽകിയത്. തുടർന്ന് കെയ്ൽ ജാമിസന്റെയും സോമർവില്ലെയുടെയും വിക്കറ്റുകൾ അശ്വിൻ വീഴ്ത്തി.

ആദ്യ ഇന്നിങ്സിൽ നേടിയ മൂന്ന് വിക്കറ്റോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ മുൻ പാക് പേസർ വസിം അക്രത്തെ രവിചന്ദ്രൻ അശ്വിൻ പിന്നിലാക്കി. 104 മത്സരങ്ങളിൽ 414 വിക്കറ്റ് നേടിയ വസിം അക്രമാണ് ടെസ്റ്റ് ക്രിക്കറ്റിൽ പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ളത്. മറുഭാഗത്ത് ആദ്യ ഇന്നിങ്സിലെ മൂന്ന് വിക്കറ്റടക്കം വെറും 80 മത്സരങ്ങളിൽ നിന്നും ഇതിനോടകം 416 വിക്കറ്റുകൾ അശ്വിൻ നേടികഴിഞ്ഞു.

( Picture Source : BCCI )

ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഹർഭജൻ സിങിന് പിന്നിൽ പതിനാലാം സ്ഥാനത്താണ് രവിചന്ദ്രൻ അശ്വിനുള്ളത്. ഇനി രണ്ട് വിക്കറ്റുകൾ കൂടെ നേടാൻ സാധിച്ചാൽ ഹർഭജൻ സിങിനെ പിന്നിലാക്കി 13 ആം സ്ഥാനത്തെത്താൻ അശ്വിന് സാധിക്കും. 2015 ൽ ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി കളിച്ച ഹർഭജൻ സിങ് 103 മത്സരങ്ങളിൽ നിന്നും 417 വിക്കറ്റാണ് നേടിയിട്ടുള്ളത്.

( Picture Source : BCCI )

ഹർഭജൻ സിങിനെ പിന്നിലാക്കിയാൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറെന്ന നേട്ടവും അശ്വിന് സ്വന്തമാക്കാം. 132 മത്സരങ്ങളിൽ നിന്നും 619 വിക്കറ്റ് നേടിയിട്ടുള്ള അനിൽ കുംബ്ലെയും 131 മത്സരങ്ങളിൽ നിന്നും 434 വിക്കറ്റ് നേടിയിട്ടുള്ള കപിൽ ദേവുമാണ് ഹർഭജൻ സിങിനും രവിചന്ദ്രൻ അശ്വിനും മുൻപിലുള്ളത്.

( Picture Source : BCCI )