Skip to content

ന്യൂസിലാൻഡിനെ കറക്കിവീഴ്ത്തി അക്ഷർ പട്ടേൽ, മൂന്നാം ദിനം ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ്

കാൺപൂർ ടെസ്റ്റിൽ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. അക്ഷർ പട്ടേലിന്റെയും രവിചന്ദ്രൻ അശ്വിന്റെയും തകർപ്പൻ ബൗളിങ് മികവിൽ ന്യൂസിലാൻഡിനെ ആദ്യ ഇന്നിങ്‌സിൽ 296 റൺസിന് ഒതുക്കിയ ഇന്ത്യ 49 റൺസിന്റെ നിർണായക ലീഡ് സ്വാന്തമാക്കി.

( Picture Source : BCCI )

129 റൺസിന് വിക്കറ്റൊന്നും നഷ്ട്ടപെടാതെ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലാൻഡിന് 167 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി . 214 പന്തിൽ 89 റൺസ് നേടിയ വിൽ യങിനെ പുറത്താക്കി രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണെ ഉമേഷ് യാദവ് പുറത്താക്കിയതോടെയാണ് ന്യൂസിലാൻഡിന്റെ തകർച്ച ആരംഭിച്ചത്. 11 റൺസ് നേടിയ റോസ് ടെയ്ലർ, ഹെൻറി നിക്കോൾസ്, ടോം ബ്ലൻഡൽ, 95 റൺസ് നേടിയ ടോം ലാതം, ടിം സൗത്തീ എന്നിവരെ പുറത്താക്കിയ അക്ഷർ പട്ടേലാണ് മൂന്നാം ദിനത്തിൽ ന്യൂസിലാൻഡിനെ തകർത്തത്.

( Picture Source : BCCI )

ഇന്ത്യയ്ക്ക് വേണ്ടി അക്ഷർ പട്ടേൽ അഞ്ച് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റും ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : BCCI )

നേരത്തെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 345 റൺസ് നേടിയിരുന്നു. അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരും ഫിഫ്റ്റി നേടിയ ശുഭ്മാൻ ഗില്ലും രവീന്ദ്ര ജഡേജയുമാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ന്യൂസിലാൻഡിന് വേണ്ടി ടിം സൗത്തീ 5 വിക്കറ്റും കെയ്ൽ ജാമിസൺ മൂന്ന് വിക്കറ്റും അജാസ് പട്ടേൽ 2 വിക്കറ്റും നേടി.

( Picture Source : BCCI )