Skip to content

വിക്കറ്റ് നേടാൻ പുതിയ തന്ത്രവുമായി അശ്വിൻ ; പ്രകോപിതനായി അമ്പയർ : വീഡിയോ കാണാം

ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡിന് മികച്ച തുടക്കം. ഉച്ച ഭക്ഷണത്തിന് പിരിയുമ്ബോള്‍ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തിട്ടുണ്ട്.
82 റണ്‍സുമായി ടോം ലാഥം പുറത്താവാതെ നില്‍ക്കുന്നു. 89 റണ്‍സെടുത്ത വില്‍ യങ്ങിനെയും 18 റണ്‍സെടുത്ത നായകന്‍ കെയ്ന്‍ വില്യംസണെയുമാണ് കിവീസിന് നഷ്ടമായത്.

സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ ടോം ലാഥത്തെയും വില്‍ യങ്ങിനെയും മടക്കാനായി ഇന്ത്യന്‍ ബൗളര്‍മാര്‍ സകല അടവും പുറത്തെടുത്തു.
ഒടുവില്‍ ടീം സ്‌കോര്‍ 151-ല്‍ നില്‍ക്കേ വില്‍ യങ്ങിനെ മടക്കി  അശ്വിന്‍ ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നു. 214 പന്തുകളില്‍ നിന്ന് 89 റണ്‍സെടുത്ത വില്‍ യങ്ങിനെ അശ്വിന്‍ പകരക്കാരനായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന്റെ കൈയ്യിലെത്തിച്ചു.

ആദ്യ വിക്കറ്റില്‍ ലാഥത്തിനൊപ്പം 151 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് യങ് ക്രീസ് വിട്ടത്. യങ്ങിന് പകരം നായകന്‍ കെയ്ന്‍ വില്യംസണ്‍ ക്രീസിലെത്തി. വില്യംസണും നിലയുറപ്പിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. എന്നാല്‍ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുന്‍പ് വില്യംസണെ വീഴ്ത്തി ഉമേഷ് യാദവ് ഇന്ത്യയ്ക്ക് പ്രതീക്ഷ പകര്‍ന്നു.  64 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത കിവീസ് നായകനെ ഉമേഷ് വിക്കറ്റിന് മുന്നില്‍ കുടുക്കി.

മത്സരത്തിൽ വിക്കറ്റ് നേടാൻ ബുദ്ധിമുട്ടിയതോടെ വ്യത്യസ്തമായ തന്ത്രങ്ങളുമായി ഇന്ത്യയുടെ സ്പിന്നർ അശ്വിൻ എത്തിയിരുന്നു. ഇതിലൊന്നായിരുന്നു, അമ്പയറെ ക്രോസ് ചെയ്തുള്ള അശ്വിന്റെ ഡെലിവറി. ഇത് അമ്പയർ നിതിൻ മേനോനെ പ്രകോപിപ്പിക്കാനും കാരണമായി. അശ്വിന്റെ ക്രോസ് ചെയ്തുള്ള ഫോളോ ത്രു സ്‌ട്രൈക് എൻഡ് കാണുന്നതിന് തടസ്സമായതോടെയാണ് നിതിൻ മേനോൻ ഇക്കാര്യം അശ്വിനെ ബോധിപ്പിച്ചത്.

എന്നാൽ അമ്പയറിന്റെ ഈ പരാതി രസിക്കാത്ത അശ്വിൻ ചർച്ചയ്ക്ക് ഇടയിൽ നിന്ന് പോവുകയും ചെയ്തു. ഒടുവിൽ ക്യാപ്റ്റൻ രഹാനെയെയും വിളിച്ചുവരുത്തി പരിഹാരം കാണുകയായിരുന്നു. ഏറെ നേരത്തെ ചർച്ചയ്ക്ക് ശേഷമാണ് ഇതിൽ ഒത്തുതീർപ്പായത്. അശ്വിൻ ഫോളോ ത്രു മാറ്റുകയും ചെയ്തു.