Skip to content

ഗാംഗുലി അന്നതിന് തയ്യാറായില്ലയെങ്കിൽ എം എസ് ധോണി വലിയ താരമാവുകയില്ലായിരുന്നു, വീരേന്ദർ സെവാഗ്

മഹേന്ദ്ര സിങ് ധോണിയെ വലിയ പ്ലേയറാക്കി മാറ്റിയതിന് പിന്നിൽ മുൻ ഇന്ത്യൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. സൗരവ്‌ ഗാംഗുലി അന്ന് ആ തീരുമാനം എടുത്തില്ലായിരുന്നുവെങ്കിൽ ധോണിയ്ക്ക് ഇത്രത്തോളം വലിയ താരമാകുവാൻ സാധിക്കുകയില്ലായിരുന്നുവെന്നും വീരേന്ദർ സെവാഗ് പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച തുടക്കമായിരുന്നില്ല എം എസ് ധോണിയ്ക്ക് ലഭിച്ചിരുന്നത്. ലോ ഓർഡർ ബാറ്റ്‌സ്മാനായി ആദ്യ ഏകദിനങ്ങളിൽ ക്രീസിലെത്തിയ എം എസ് ധോണി രണ്ടക്കം കടക്കുവാൻ തന്നെ ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ 2005 മൂന്നാം നമ്പർ ബാറ്റ്‌സ്മാനായി ഗാംഗുലി പ്രൊമോട്ട് ചെയ്തതോടെയാണ് തന്റെ കഴിവ്‌ പൂർണമായും പുറത്തെടുക്കാൻ എം എസ് ധോണിയ്ക്ക് സാധിച്ചത്.

” ആ കാലഘട്ടത്തിൽ (2005) ഞങ്ങൾ പിഞ്ച് ഹിറ്റർമാരെ പരീക്ഷിക്കുകയായിരുന്നു. മൂന്നാം നമ്പർ ബാറ്ററായി എം എസ് ധോണിയ്ക്ക് നാലോ അഞ്ചോ അവസരങ്ങൾ നൽകുവാൻ ദാദ ( സൗരവ്‌ ഗാംഗുലി) തീരുമാനിച്ചു. അത് വിജയിച്ചില്ലയെങ്കിൽ മറ്റാർക്കെങ്കിലും അവസരം നൽകുവാനും അവർ കരുതിയിരുന്നു. ”

” വളരെ കുറച്ച് ക്യാപ്റ്റന്മാർ മാത്രമാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ തയ്യാറാവുകയുള്ളൂ. ആദ്യം അദ്ദേഹത്തിന്റെ ഓപ്പണിങ് സ്ഥാനം എനിക്ക് നൽകി. പിന്നീട് തന്റെ മൂന്നാം നമ്പർ സ്ഥാനവും അദ്ദേഹം എം എസ് ധോണിയ്ക്ക് നൽകി. ദാദ അന്നതിന് തയ്യാറായില്ലയെങ്കിൽ ധോണി ഇത്രത്തോളം വലിയ പ്ലേയറായി മാറുകയില്ലായിരുന്നു. ” വീരേന്ദർ സെവാഗ് പറഞ്ഞു.

2005 ൽ മൂന്നാം നമ്പർ ബാറ്റ്‌സ്മാനായി ബാറ്റ് ചെയ്‌തുകൊണ്ടാണ് ശ്രീലങ്കയ്ക്കെതിരെ 145 പന്തിൽ പുറത്താകാതെ 183 റൺസ് എം എസ് ധോണി നേടിയത്. 16 ഇന്നിങ്സുകളിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തിട്ടുള്ള എം എസ് ധോണി 82.75 ശരാശരിയിൽ 6 ഫിഫ്റ്റിയും ഒരു സെഞ്ചുറിയുമടക്കം 993 റൺസ് നേടിയിട്ടുണ്ട്.