എൽബിഡബ്ലു അപ്പീൽ നിരസിച്ചതിന് സൺഗ്ലാസ് വലിച്ചെറിഞ്ഞ് അമ്പയറോട് കയർത്ത് രാഹുൽ ചാഹർ : വീഡിയോ

ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരത്തിൽ  എൽബിഡബ്ല്യു അപ്പീൽ  നിരസിച്ചതിനെത്തുടർന്ന് അമ്പയറോട് തർക്കിച്ച് രാഹുൽ ചാഹർ.  ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ചാഹർ, അമ്പയറുടെ തീരുമാനത്തിൽ തൃപ്തനായിരുന്നില്ല, പിന്നാലെ  ദേഷ്യത്തോടെ സൺഗ്ലാസ് എറിഞ്ഞ് അമ്പയറിന് നേരെ ദേഷ്യപ്പെടുകയായിരുന്നു.

രണ്ടാം ദിനം ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സിന്റെ 128-ാം ഓവറിന്റെ അവസാന ഡെലിവറിയിലാണ് സംഭവം.  ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ കഷിലെയ്ക്കെതിരെയുള്ള എൽബിഡബ്ല്യൂവാണ് അമ്പയർ നിരസിച്ചത്. വളരെ ആത്മവിശ്വാസത്തിൽ അപ്പീൽ ചെയ്ത ചാഹർ പിന്നാലെ തർക്കിക്കുകയായിരുന്നു. തന്റെ സൺഗ്ലാസ് എറിഞ്ഞ് ദേഷ്യപ്പെടുകയും ചെയ്തു. 28.3 ഓവറിൽ 125 റൺസ് വഴങ്ങി ചാഹർ  ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത് വീഴ്ത്തി

അതേസമയം ദക്ഷിണാഫ്രിക്ക എയുടെ 508 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന് ഇറങ്ങിയ  ഇന്ത്യ എ അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ്. ചതുർദിന മത്സരത്തിന്റെ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് എന്ന നിലയിലാണ് ഇന്ത്യ എ. ആറു വിക്കറ്റ് കയ്യിലിരിക്കെ ദക്ഷിണാഫ്രിക്കൻ സ്കോറിനേക്കാൾ 201 റൺസ് പിന്നിൽ.

ബാബാ അപരാജിത് 19 റൺസോടെയും ഉപേന്ദ്ര യാദവ് അഞ്ച് റൺസോടെയും ക്രീസിലുണ്ട്. തകർപ്പൻ സെഞ്ചുറിയുമായി പടനയിച്ച അഭിമന്യു ഈശ്വരനാണ് ഇന്ത്യൻ എയുടെ തിരിച്ചടിക്ക് ചുക്കാൻ പിടിച്ചത്. അഭിമന്യു 209 പന്തിൽ 16 ഫോറുകളോടെ 103 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ പ്രിയങ്ക് പഞ്ചൽ 171 പന്തിൽ 14 ഫോറുകളോടെ 96 റൺസെടുത്തു.ഓപ്പണർ പൃഥ്വി ഷാ (48), ഹനുമ വിഹാരി (25) എന്നിവരാണ് ഇന്ത്യ എ നിരയിൽ പുറത്തായ മറ്റുള്ളവർ. ഏകദിന ശൈലിയിൽ ബാറ്റു ചെയ്ത ഷാ, 45 പന്തിൽനിന്നാണ് 48 റൺസെടുത്തത്.

ഒൻപതു ഫോറുകൾ സഹിതമാണിത്.
ഹനുമ വിഹാരി 53 പന്തിൽ ആറു ഫോറുകൾ സഹിതം 25 റൺസെടുത്ത് മടങ്ങി. ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചുറു കൂട്ടുകെട്ടും, രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടും തീർത്താണ് ഇന്ത്യ എ ദക്ഷിണാഫ്രിക്കൻ ടീമിന് മറുപടി നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ തകർത്തടിച്ച് പൃഥ്വി ഷാ – പ്രിയങ്ക് പഞ്ചൽ സഖ്യം 13.5 ഓവറിൽ കൂട്ടിച്ചേർത്തത് 80 റൺസ്. പൃഥ്വി ഷാ പുറത്തായശേഷം രണ്ടാം വിക്കറ്റിൽ അഭിമന്യു ഈശ്വരനൊപ്പം പഞ്ചൽ കൂട്ടിച്ചേർത്തത് 142 റൺസ്