Skip to content

ധവാനും അയ്യരുമില്ല, നാല് താരങ്ങളെ നിലനിർത്തി ഡൽഹി ക്യാപിറ്റൽസ്

ഐ പി എൽ മെഗാ താരലേലത്തിന് മുൻപായി നാല് താരങ്ങളെ നിലനിർത്തി ഡൽഹി ക്യാപിറ്റൽസ് മുൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ഒഴിവാക്കിയ ഡൽഹി സൗത്താഫ്രിക്കൻ പേസർ കഗിസോ റബാഡയെയും നിലനിർത്തിയിട്ടില്ല. കഴിഞ്ഞ സീസണിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി പ്ലേയോഫിൽ പ്രവേശിച്ച ഡൽഹി ക്യാപിറ്റൽസിന് ഫൈനലിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല.

( Picture Source : IPL / BCCI )

ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് പരാജയപെട്ട ഡൽഹി ക്യാപിറ്റൽസ് രണ്ടാം ക്വാളിഫയറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപെട്ടാണ് ഫൈനൽ കാണാതെ പുറത്തായത്. Espncricinfo റിപ്പോർട്ട് പ്രകാരം റിഷഭ് പന്തായിരിക്കും അടുത്ത സീസണിലും ടീമിനെ നയിക്കുക. കഴിഞ്ഞ രണ്ട് സീസണുകളിലും ടീമിന്റെ ടോപ്പ് സ്കോററായ ഓപ്പണർ ശിഖാർ ധവാനെയും മുൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരെയും സീനിയർ സ്‌പിന്നർ രവിചന്ദ്രൻ അശ്വിനെയും നിലനിർത്തിയിട്ടില്ല.

( Picture Source : IPL / BCCI )

റിഷഭ് പന്തിനൊപ്പം ഓപ്പണർ പൃഥ്വി ഷാ, ഓൾ റൗണ്ടർ അക്ഷർ പട്ടേൽ, സൗത്താഫ്രിക്കൻ പേസർ ആന്റിച്ച് നോർക്കിയ എന്നിവരെയാണ് ഡൽഹി ക്യാപിറ്റൽസ് നിലനിർത്തിയിട്ടുള്ളത്.

കഴിഞ്ഞ രണ്ട് സീസണുകളിലായി മികച്ച ബൗളിങ് പ്രകടനമാണ് നോർക്കിയ ഡൽഹിയ്ക്ക് വേണ്ടി കാഴ്ച്ചവെച്ചിട്ടുള്ളത്. 2021 സീസണിൽ 8 മത്സരങ്ങളിൽ നിന്നും 12 വിക്കറ്റ് നേടിയ താരം 2020 സീസണിൽ 16 മത്സരങ്ങളിൽ നിന്നും 22 വിക്കറ്റ് നേടിയിട്ടുണ്ട്. സീസണിലെ ടോപ്പ് സ്‌കോറർ ആയിരുന്നിട്ടും ശിഖാർ ധവാനെ കൈവിട്ട ഡൽഹി കഴിഞ്ഞ സീസണിൽ 479 റൺസ് നേടിയ പൃഥ്വി ഷായെ നിലനിർത്തി.

( Picture Source : IPL / BCCI )

2020 സീസണിൽ 30 വിക്കറ്റ് നേടിയെങ്കിലും കഴിഞ്ഞ നിറംമങ്ങിയ കഗിസോ റബാഡയാണ് ഡൽഹി നിലനിർത്താതെപോയ മറ്റൊരു പ്രധാനതാരം. ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസിനും നിലനിർത്തിയവരുടെ പട്ടികയിൽ ഇടംനേടുവാൻ സാധിച്ചില്ല. മെഗാ താരലേലത്തിന് മുൻപായി മാക്സിമം നാല് താരങ്ങളെ മാത്രമാണ് ടീമുകൾക്ക് നിലനിർത്താൻ സാധിക്കുക. നിലനിർത്തുന്ന ആദ്യ താരത്തിന് 16 കോടിയും രണ്ടാമത്തെ താരത്തിന് 12 കോടിയും മൂന്നാമത്തെ താരത്തിന് 8 കോടിയും നാലാമത്തെ താരത്തിന് 6 കോടിയും ടീമുകൾ നൽകേണ്ടിവരും.

( Picture Source : IPL / BCCI )