Skip to content

ആ വാട്‌സപ്പ് ഡി പി നാലുവർഷമായി മാറ്റിയിട്ടില്ല, കാരണം വെളിപ്പെടുത്തി ശ്രേയസ് അയ്യരുടെ അച്ഛൻ സന്തോഷ് അയ്യർ

ശ്രേയസ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതിന്റെ സന്തോഷം പങ്കുവെച്ച് പിതാവ് സന്തോഷ് അയ്യർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റു രണ്ട് ഫോർമാറ്റിലും ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചുവെങ്കിലും താൻ ഏറ്റവുമധികം കാത്തിരിന്നത് ശ്രേയസ് അയ്യരുടെ ടെസ്റ്റ് അരങ്ങേറ്റത്തിന് വേണ്ടിയാണെന്നും ടെസ്റ്റ് ക്രിക്കറ്റായിരിക്കണം മകന്റെ അന്തിമലക്ഷ്യമെന്ന് ഓർമപെടുത്തുവാൻ വാട്സാപ്പ് ഡി പി കഴിഞ്ഞ നാല് വർഷമായി താൻ മാറ്റിയിട്ടില്ലയെന്നും സന്തോഷ് അയ്യർ പറഞ്ഞു.

2017 ൽ ധർമശാലയിൽ ഇന്ത്യ വിജയിച്ച ശേഷം ബോർഡർ ഗവാസ്കർ ട്രോഫിയുമായി ശ്രേയസ് അയ്യർ നിൽക്കുന്നതാണ് കഴിഞ്ഞ നാല് വർഷമായി സന്തോഷ് അയ്യരുടെ വാട്സാപ്പ് ഡി പി. പരമ്പരയിൽ വിരാട് കോഹ്ലിയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് ശ്രേയസ് അയ്യരെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ അരങ്ങേറ്റം കുറിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല.

( Picture Source : Twitter / BCCI )

” അന്ന് ആ മത്സരത്തിലെ വിജയത്തിന് ശേഷം ടീമംഗങ്ങൾ ശ്രേയസിന് ട്രോഫി നൽകിയിരുന്നു. എന്നെ സംബന്ധിച്ച് ആ നിമിഷം അത്യന്തം അഭിമാനകാരമായിരുന്നു. അന്ന് മുതൽ എന്റെ ഡി പി അതായിരുന്നു.അത് ഞാൻ ഒരിക്കലും മാറ്റിയിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയെന്നതാണ് അവന്റെ ആത്യന്തിക ലക്ഷ്യമെന്ന് ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. ഒടുവിലത് സംഭവിക്കുന്നതിന്റെ ആവേശത്തിലാണ് ഞാൻ. ടെസ്റ്റ് ക്രിക്കറ്റാണ് യഥാർത്ഥ ക്രിക്കറ്റ്. അവൻ മറ്റേത് ഫോർമാറ്റിൽ കളിക്കുന്നതിനേക്കാളും അഭിമാനകരമാണ് ഈ നിമിഷം. ” സന്തോഷ് അയ്യർ പറഞ്ഞു.

( Picture Source : Twitter / BCCI )

അരങ്ങേറ്റത്തിൽ ഫിഫ്റ്റി നേടി മികച്ച പ്രകടനമാണ് ശ്രേയസ് അയ്യർ പുറത്തെടുത്തത്. മത്സരത്തിൽ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ട്ടത്തിൽ 258 റൺസ് നേടിയിട്ടുണ്ട്. 75 റൺസ് നേടിയ ശ്രേയസ് അയ്യരും 50 റൺസ് നേടിയ രവീന്ദ്ര ജഡേജയുമാണ് ക്രീസിലുള്ളത്. 13 റൺസ് നേടിയ മായങ്ക് അഗർവാൾ, 52 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 26 റൺസ് നേടിയ ചേതേശ്വർ പുജാര, 35 റൺസ് നേടിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ്‌ ഇന്ത്യയ്ക്ക് നഷ്ട്ടമായത്.

( Picture Source : Twitter / BCCI )