Skip to content

എന്റെ ഫോമിൽ ആശങ്കയില്ല, ഗൗതം ഗംഭീറിന്റെ വിമർശനത്തിന് മറുപടി നൽകി അജിങ്ക്യ രഹാനെ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി അജിങ്ക്യ രഹാനെ. വിരാട് കോഹ്ലിയുടെ അഭാവത്തിൽ രഹാനെയാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത്. പരമ്പരയ്ക്ക് മുൻപേ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ അടക്കമുള്ളവർ അജിങ്ക്യ രഹാനെയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

( Picture Source : Twitter )

വിരാട് കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കുന്നതുകൊണ്ട് മാത്രമാണ് രഹാനെ ടീമിലിടം നേടിയതെന്നും അത് രഹാനെയുടെ ഭാഗ്യമാണെന്നും ഗൗതം ഗംഭീർ പറഞ്ഞിരുന്നു. രോഹിത് ശർമ്മ, കെ എൽ രാഹുൽ, ജസ്‌പ്രീത് ബുംറ, മൊഹമ്മദ് ഷാമി, റിഷഭ് പന്ത്‌ അടക്കമുള്ള താരങ്ങളില്ലാതെയാണ് ഇന്ത്യയിറങ്ങുന്നത്. മുംബൈയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി ടീമിൽ തിരിച്ചെത്തും.

” എന്റെ ഫോമിൽ എനിക്ക് യാതൊരു ആശങ്കയുമില്ല. ടീമിനായി എങ്ങനെ സംഭാവന നൽകാമെന്നാണ് ഞാൻ എപ്പോഴും ചിന്തിക്കുന്നത്, അതിനർത്ഥം എല്ലാ കളിയിലും സെഞ്ചുറി നേടണമെന്നല്ല. നിർണായക നിമിഷങ്ങളിൽ 30-40 റൺസോ അല്ലെങ്കിൽ 50-60 റൺസോ നേടുകയെന്നും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ”

( Picture Source : Twitter )

” ഞാൻ എപ്പോഴും എന്റെ ടീമിനെ കുറിച്ചാണ് ചിന്തിക്കുന്നത്. എനിക്ക് മുന്നിൽ എന്താണുള്ളത് ? അല്ലെങ്കിൽ ഭാവിയിൽ എനിക്ക് എന്തുസംഭവിക്കും എന്നൊന്നും ഞാൻ ചിന്തിക്കാറില്ല. എന്റെ രാജ്യത്തെ നയിക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാൻ തന്നെയാണ്, അതെനിക്ക് ലഭിച്ച വലിയ ബഹുമതിയായി ഞാൻ കാണുന്നു. അതുകൊണ്ട് തന്നെ ഭാവിയിൽ എന്തുസംഭവിക്കും എന്നതിനെ കുറിച്ചോർത്ത് ഞാൻ വിഷമിക്കുന്നില്ല. സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും. ഈ നിമിഷത്തിൽ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയെന്നതിൽ മാത്രമാണ് എന്റെ ശ്രദ്ധ, അതാണ് ഞാൻ ശ്രമിക്കാൻ പോകുന്നത്. ” അജിങ്ക്യ രഹാനെ പറഞ്ഞു.

( Picture Source : Twitter )

” ബാറ്റ് ചെയ്യുമ്പോൾ ക്യാപ്റ്റനെന്ന നിലയിലല്ല, ഒരു ബാറ്ററായാണ് ഞാൻ അവിടെയുള്ളത്. ആ നിമിഷത്തിൽ ഞാൻ എന്റെ ബാറ്റിങിനെ കുറിച്ച് മാത്രമായിരിക്കും ചിന്തിക്കുക. എന്റെ ബാറ്റിങ് അവസാനിച്ച് ടീം ഫീൽഡ് ചെയ്തുകഴിയുമ്പോഴാണ് എന്റെ ക്യാപ്റ്റൻസി ആരംഭിക്കുന്നത്. ” രഹാനെ കൂട്ടിച്ചേർത്തു.

( Picture Source : Twitter )