Skip to content

ഇപ്പോഴും അവൻ ടീമിൽ തുടരുന്നത് ഭാഗ്യം കൊണ്ടാണ്, ഈ അവസരമെങ്കിലും മുതലെടുക്കൂ, രഹാനെയോട് ഗൗതം ഗംഭീർ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലിടം നേടാൻ അജിങ്ക്യ രഹാനെയ്ക്ക് സാധിച്ചത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇത് രഹാനെയ്ക്ക് ലഭിച്ചേക്കാവുന്ന അവസാന അവസരമായിരിക്കുമെന്നും ഗംഭീർ മുന്നറിയിപ്പ് നൽകി.

( Picture Source : Twitter )

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്. നേരത്തെ ടി20 ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും രോഹിത് ശർമ്മയ്ക്ക് ടെസ്റ്റ് പരമ്പരയിൽ ബിസിസിഐ വിശ്രമം അനുവദിക്കുകയായിരുന്നു. ടെസ്റ്റിൽ മോശം പ്രകടനമാണ് ഇന്ത്യയ്ക്കായി രഹാനെ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. അവസാന 15 ടെസ്റ്റിൽ 24.76 ശരാശരിയിൽ 644 റൺസ് മാത്രമാണ് രഹാനെ നേടിയിട്ടുള്ളത്.

( Picture Source : Twitter )

” ഇപ്പോഴും ടീമിന്റെ ഭാഗമാകാൻ സാധിക്കുന്നത് രഹാനെയുടെ ഭാഗ്യമാണ്, ക്യാപ്റ്റനായതുകൊണ്ട് മാത്രമാണ് അവന് ഇക്കുറി ടീമിലിടം നേടുവാൻ സാധിച്ചത്. പക്ഷേ അവന് വീണ്ടും ഒരു അവസരം കൂടെ ലഭിച്ചിരിക്കുന്നു. അതവന് വിനിയോഗിക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ”

” ഹനുമാ വിഹാരി ടീമിൽ ഉൾപ്പെടുത്താതിരുന്ന തീരുമാനം എന്നെ തീർത്തും അത്ഭുതപെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ കിട്ടുന്നതിനേക്കാൾ പരിശീലനം ഇന്ത്യൻ എ ടീമിന്റെ പര്യടനത്തിൽ ലഭിക്കുകയില്ല. അജിങ്ക്യ രഹാനെയ്ക്കോ മധ്യനിരയിലെ മറ്റേത് ബാറ്റ്‌സ്മാനോ പകരക്കാരനാകാൻ അവന് സാധിക്കും. ” ഗൗതം ഗംഭീർ പറഞ്ഞു.

( Picture Source : Twitter )

ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മ, റിഷഭ് പന്ത്‌, ജസ്‌പ്രീത് ബുംറ, മൊഹമ്മദ് ഷാമി എന്നിവർക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. കൂടാതെ ഓപ്പണർ കെ എൽ രാഹുൽ പരിക്ക് മൂലം പുറത്തായതും ഇന്ത്യയ്ക്ക് തിരിച്ചടിയാകും. സൂര്യകുമാർ യാദവിനെയാണ് കെ എൽ രാഹുലിന് പകരക്കാരനായി ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്. വിശ്രമത്തിന് ശേഷം മുംബൈയിൽ നടക്കുന്ന രണ്ടാം ടെസ്റ്റോടെ ക്യാപ്റ്റൻ വിരാട് കോഹ്ലി ടീമിൽ തിരിച്ചെത്തും.

( Picture Source : Twitter )