Skip to content

കോൺക്രീറ്റ് പിച്ചുകളിൽ കളിച്ചാണ് ഞാൻ വളർന്നത്, പുൾ ഷോട്ടിലെ വിജയരഹസ്യം വെളിപ്പെടുത്തി രോഹിത് ശർമ്മ

തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ടി20 ടീമിന്റെ സ്ഥിരനായകന ശേഷമുള്ള ആദ്യ പരമ്പരയിൽ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഇന്ത്യ 3-0 ന് വിജയിച്ച പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 53.00 ശരാശരിയിൽ 159 റൺസ് രോഹിത് ശർമ്മ നേടിയിരുന്നു. തകർപ്പൻ പ്രകടനത്തോടെ മാൻ ഓഫ് ദി സിരീസ് അവാർഡും രോഹിത് ശർമ്മ നേടി. അവസാന മത്സരത്തിന് ശേഷം തന്റെ ട്രേഡ് മാർക്കായ തകർപ്പൻ പുൾ ഷോട്ടുകൾക്ക് പിന്നിലെ വിജയരഹസ്യം ഹിറ്റ്മാൻ വെളിപ്പെടുത്തി.

( Picture Source : Twitter / BCCI )

പരമ്പരയിൽ 10 സിക്സുകളാണ് രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്നും പിറന്നത്. ബോൾട്ട് അടക്കമുള്ള ലോകോത്തര ബൗളർമാർക്കെതിരെ അനായാസം പുൾ ഷോട്ടിലൂടെ രോഹിത് സിക്സ് പായിച്ച കാഴ്ച്ച ആരാധകർക്ക് വിരുന്നായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 450 സിക്സെന്ന അപൂർവ്വനേട്ടം പിന്നിട്ട ഹിറ്റ്മാൻ മൂന്നാം മത്സരത്തിൽ അന്താരാഷ്ട്ര ടി20യിൽ 150 സിക്സെന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു.

( Picture Source : Twitter / BCCI )

” സിമന്റ് പിച്ചുകളിലും കോൺക്രീറ്റ് പിച്ചുകളിലും കളിച്ചാണ് ഞാൻ വളർന്നത്. കരിയറിൽ ഓപ്പൺ ചെയ്യാൻ ആരംഭിച്ചതോടെ എന്റെ സമീപനത്തിൽ മാറ്റം വന്നു. പുൾ ഷോട്ടുകൾ കളിക്കാനുള്ള കഴിവ് എനിക്ക് സ്വഭാവികമായി ലഭിച്ചതാണെന്ന് പറയാൻ കഴിയില്ല, ആ ഷോട്ടുകൾ കളിക്കുവാൻ ഞാൻ ഒരുപാട് പരിശീലനം നടത്തിയിട്ടുണ്ട്. ”

( Picture Source : Twitter / BCCI )

” എന്നാൽ പുൾ ഷോട്ടിനായി ശ്രമിച്ചുകൊണ്ട് ഒരുപാട് തവണ ഞാൻ പുറത്തായിട്ടുണ്ട്. നിങ്ങൾക്ക് ഒരു കഴിവുണ്ടെങ്കിൽ പുറത്താകുന്നതിനെ കുറിച്ച് ചിന്തിക്കാതെ അത് പുറത്തെടുക്കണം. ഷോർട്ട് പിച്ച് ചെയ്യുന്ന ബോളുകൾ കളിക്കാനുള്ള എന്റെ കഴിവുകളിലൊന്നാണ്, അതിനാൽ അത്തരം ഷോട്ടുകൾ കളിക്കാനും പരമാവധി ഫലം നേടിയെടുക്കാനും ഞാൻ ശ്രമിക്കും. ” മത്സരശേഷം ഹിറ്റ്മാൻ രോഹിത് ശർമ്മ പറഞ്ഞു.

അന്താരാഷ്ട്ര ടി20യിൽ ന്യൂസിലാൻഡിനെതിരായ ഏറ്റവും വലിയ വിജയമാണ് രോഹിത് ശർമ്മയുടെ കീഴിൽ ഇന്ത്യ നേടിയത്.

( Picture Source : Twitter / BCCI )