Skip to content

‘തന്റെ റോൾ എന്താണെന്ന് പോലും ഇതുവരെ അവൻ മനസ്സിലായിട്ടില്ല, ഇങ്ങനെ തുടർന്നാൽ  പകരക്കാരനെ നോക്കേണ്ടി വരും’ : ഇന്ത്യയുടെ യുവതാരത്തെ വിമർശിച്ച് വെട്ടോറി

ഇന്നലെ കൊൽക്കത്തയിൽ നടന്ന അവസാന ടി20 മത്സരത്തിലും ജയിച്ചതോടെ പരമ്പര 3-0 ന് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ബാറ്റിങ്ങിലെ ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യ ആധികാരിക ജയമാണ് നേടിയത്. എന്നാൽ ഇന്ത്യയുടെ വിജയത്തിനിടെ യുവതാരം റിഷഭ് പ്രകടനത്തെ ചോദ്യംചെയ്ത് മുൻ ന്യുസിലൻഡ് ക്യാപ്റ്റൻ ഡാനിയേൽ വെട്ടോറി.

ഈ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി 17(നോട്ട്ഔട്ട്), 12(നോട്ട്ഔട്ട്), 4 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പർ പന്ത് സ്‌കോർ ചെയ്തത്. റിഷഭ് പന്തിന്‍റെ ധാരണക്കുറവും താളമില്ലായ്‌മയുമാണ് വെട്ടോറി വിമർശിച്ചത്. “ടി20 ക്രിക്കറ്റിന്‍റെ താളം റിഷഭ് പന്തിന് പിടികിട്ടിയിട്ടില്ല. എന്താണ് ചുമതല എന്നതിനെപ്പറ്റി അയാള്‍ക്ക് ധാരണക്കുറവുണ്ട്. ചിലപ്പോള്‍ അമിത ജാഗ്രത കാട്ടുന്നു. മറ്റ് ചിലപ്പോള്‍ അശ്രദ്ധനായിരിക്കും. ബാറ്റിംഗില്‍ ഒഴുക്ക് പ്രകടമാകുന്നില്ല. ടി20യിലെ മഹാന്‍മാരായ ബാറ്റ്സ്‌മാന്‍മാരെ നോക്കിയാല്‍ ഒഴുക്കും താളവുമാണ് പ്രധാനം എന്ന് മനസിലാക്കാം. എന്നാല്‍ റിഷഭ് പന്തിന് അത് ഇതുവരെ കൈവരിക്കാനായിട്ടില്ല.” വെട്ടോറി പറഞ്ഞു.

“താളം കണ്ടെത്തുക റിഷഭ് പന്തിന്‍റെ ചുമതലയാണ്. റിഷഭിന് താളം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ ടീം മറ്റ് താരങ്ങളിലേക്ക് തിരിയും. വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിയാന്‍ കഴിയുന്ന ഇഷാന്‍ കിഷനും കെ എല്‍ രാഹുലും ടീമിലുണ്ട്. ഫോമിലെത്താന്‍ പന്തിന് ടീം ഇന്ത്യ അവസരം നല്‍കുമെന്നാണ് പ്രതീക്ഷ” എന്നും വെട്ടോറി കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ 73 റൺസിന്റെ ആധികാരിക വിജയത്തോടെയാണ് ഇന്ത്യ പരമ്ബര തൂത്തുവാരിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 184 റണ്‍സ്. രോഹിത് 31 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 56 റണ്‍സെടുത്തു. അവസാന ഓവറില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 19 റണ്‍സടിച്ചുകൂട്ടിയ ദീപക് ചാഹറാണ് ഇന്ത്യന്‍ സ്‌കോര്‍ 184 ല്‍ എത്തിച്ചത്

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് 17.2 ഓവറില്‍ 111 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ ടീം ഇന്ത്യയുടെ മുഴുവന്‍ സമയ പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിനും മുഴുവന്‍ സമയ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയ്ക്കും കന്നി ട്വന്റി20 പരമ്ബരയില്‍ത്തന്നെ സമ്ബൂര്‍ണ വിജയം നേടാനായി. ജയ്പുരിലും റാഞ്ചിയിലും നടന്ന ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്ബര നേരത്തേതന്നെ ഉറപ്പാക്കിയിരുന്നു.