Skip to content

പന്ത് സ്റ്റംപിൽ വീഴാതിരിക്കാൻ വേണ്ടി ശ്രീലങ്കൻ താരത്തിന്റെ ശ്രമം, പക്ഷെ സംഭവിച്ചത് ഇങ്ങനെ… : വീഡിയോ

വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ശ്രീലങ്ക 341/6 എന്ന നിലയില്‍. രണ്ടാം ദിനം 3 വിക്കറ്റ് നഷ്ട്ടത്തിൽ 267 റൺസ് എന്ന നിലയിൽ മത്സരം ആരംഭിച്ച ശ്രീലങ്കയ്ക്ക് ഇന്ന് 3 വിക്കറ്റ് നഷ്ട്ടമായി. ധനന്‍ജയ ഡി സില്‍വയെ(61) ആണ് ആദ്യം ശ്രീലങ്കയ്ക്ക് നഷ്ടമായത്. ഹിറ്റ് വിക്കറ്റായാണ് താരം പുറത്തായത്. ഈ പുറത്താകലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു.

ഗബ്രിയേലിന്റെ ഓഫ് സൈഡിന് പുറത്തായി വന്ന പന്ത്  ഡി സില്‍വ സോഫ്റ്റ് ഹാൻഡിൽ ഡിഫെൻഡ് ചെയ്യുകയായിരുന്നു. ഡിഫെൻഡ് ചെയ്ത പന്ത് സ്റ്റംപിന് നേരെയായി ബൗണ്സ് ചെയ്യുകയും ചെയ്തു. ഇതോടെ പന്ത് സ്റ്റംപിൽ വീഴാതിരിക്കാൻ ബാറ്റ് കൊണ്ട് അടിച്ചു മാറ്റാൻ ഡി സിൽവ ശ്രമിച്ചു. പരിഭ്രമിച്ചുള്ള ഈ ശ്രമത്തിനിടെ സ്റ്റംപിൽ ബാറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. ഇതോടെ മികച്ച ഇന്നിങ്സിന് നിർഭാഗ്യകരമായ അന്ത്യമാവുകയായിരുന്നു.

അധികം വൈകാതെ ക്യാപ്റ്റന്‍ ദിമുത് കരുണാരത്നയെയും ശ്രീലങ്കയ്ക്ക് നഷ്ടമായി. 147 റണ്‍സ് നേടിയ ദിമുതിന്റെ വിക്കറ്റ് റോസ്ടണ്‍ ചേസ് ആണ് നേടിയത്.
ലഞ്ചിന് പിരിയുമ്പോൾ ക്രീസിൽ  33 റണ്‍സുമായി ദിനേശ് ചന്ദിമലും 6 റണ്‍സ് നേടി സുരംഗ ലക്മലുമാണ് ഉള്ളത്. 13 റൺസ് നേടിയുടെ രമേശ് മെന്‍ഡിസാണ് ഏറ്റവും ഒടുവിൽ പുറത്തായത്.

മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ കരുണരത്നെയുടെയും നിസ്സങ്കയുടെയും ഓപ്പണിങ് കൂട്ടുകെട്ടാണ് ശ്രീലങ്കയ്ക്ക് മികച്ച സ്കോറിന് അടിത്തറ പാകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 139 റൺസ് നേടിയിരുന്നു. 56 റൺസ് നേടിയ നിസ്സങ്കയെ പുറത്താക്കി ഗബ്രിയേലായിരുന്നു ആദ്യ മുന്നേറ്റം സമ്മാനിച്ചത്.

പിന്നീട് വന്ന ഫെർണാഡോയും മാത്യൂസും 3 റൺസ് വീതം നേടി പുറത്തായി. അഞ്ചാമനായി എത്തിയ ഡി സിൽവയെ കൂട്ടുപിടിച്ച് കരുണരത്നെ തകർച്ചയിൽ നിന്ന്‌ കരകയറ്റുകയായിരുന്നു. ശ്രീലങ്കൻ ക്യാപ്റ്റൻ 300 പന്തിൽ നിന്ന് 147 റൺസ് നേടിയാണ് പുറത്തായത്. വെസ്റ്റ് ഇൻഡീസിനായി ചെസ് 3 വിക്കറ്റും ഗബ്രിയേൽ 2 വിക്കറ്റും നേടിയിട്ടുണ്ട്.