‘ദ്രാവിഡിൽ നിന്ന് അത്തരം പ്രസ്താവനകൾ നിങ്ങൾ കേൾക്കില്ല’: രവി ശാസ്ത്രിയെ വിമർശിച്ച് ഗംഭീർ

അടുത്തിടെ അവസാനിച്ച ടി20 ലോകക്കപ്പിന് പിന്നാലെ ഇന്ത്യയുടെ പരിശീലകനായുള്ള സ്ഥാനം രവിശാസ്ത്രി ഉപേക്ഷിച്ചിരുന്നു. നേരെത്തെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രവിശാസ്ത്രി പരിശീലക സ്ഥാനം ഒഴിഞ്ഞത്.  ശാസ്ത്രിയുടെ കീഴിൽ  ഇന്ത്യയ്ക്ക് ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടാനും ഓസ്‌ട്രേലിയയിൽ ഒന്നിലധികം വിദേശ ടെസ്റ്റ് പരമ്പര വിജയങ്ങൾ നേടാനും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും വിജയിക്കാനും സാധിച്ചിരുന്നു.

എന്നിരുന്നാലും, ശാസ്ത്രിയുടെ കീഴിൽ ഒരു ഐസിസി കിരീടം നേടുന്നതിൽ ടീം പരാജയപ്പെട്ടു. 2017 ചാമ്പ്യൻസ് ട്രോഫിയിൽ റണ്ണേഴ്‌സ് അപ്പും, 2019 ലോകകപ്പിൽ സെമി ഫൈനലിസ്റ്റുകളും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്‌സ് അപ്പും, ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ സെമിഫൈനൽ കാണാതെയാണ് മടങ്ങിയത്.

കഴിഞ്ഞ ദിവസം മുഖ്യ പരിശീലകനെന്ന നിലയിൽ ശാസ്ത്രിയുടെ പോരായ്മകളെക്കുറിച്ച് അഭിപ്രായം പറയാൻ ഗൗതം ഗംഭീറിനോട് ആവശ്യപ്പെട്ടപ്പോൾ, വിദേശ മത്സരങ്ങളിലെ ഇന്ത്യയുടെ പ്രധാന വിജയങ്ങളെ തുടർന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിമർശിച്ചു. 2019ൽ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടിയപ്പോൾ ‘1983ലെ ലോകകപ്പിനേക്കാള്‍ വലിയ വിജയം’ എന്ന് രവിശാസ്ത്രി പറഞ്ഞിരുന്നു.

“നന്നായി കളിക്കുമ്ബോള്‍ ആരും സ്വന്തം പ്രകടനത്തെ കുറിച്ച്‌ പറയാറില്ല. മറ്റുള്ളവര്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അതില്‍ സന്തോഷം മാത്രം. 2011ല്‍ ഞങ്ങള്‍ ഏകദിന ലോകകപ്പ് ജയിച്ചു. ഞങ്ങളാരും പ്രസ്താവന ഇറക്കിയില്ല ഇന്ത്യന്‍ ടീം ലോകത്തിലെ മികച്ചതാണെന്ന്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും കാഴ്ച്ചവെച്ച പ്രകടനം വലിയ നേട്ടമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ” ഗംഭീര്‍ 

“വിനയമാണ് പ്രധാനമായിട്ടും വേണ്ടത്. മോശം രീതിയില്‍ കളിച്ചാലും നല്ലതുപോലെ കളിച്ചാലും വിനയത്തോടെ സംസാരിക്കണം. ടീമിനെ വിജയങ്ങളേയും പ്രകടനത്തേയും കുറിച്ച്‌ മറ്റുള്ളവരാണ് സംസാരിക്കേണ്ടത്. അല്ലാതെ മറ്റൊരു നേട്ടത്തെ ഇകഴ്ത്തി മറ്റൊന്നിനെ പുകഴ്ത്തി പറയുന്നത് നിലവാരമില്ലായ്മയാണ്. രാഹുല്‍ ദ്രാവിഡില്‍ നിന്ന് അത്തരത്തിലൊന്ന് ഉണ്ടാവില്ലെന്ന് എനിക്ക് ഉറപ്പാണ്” ഗംഭീർ കൂട്ടിച്ചേർത്തു.