Skip to content

ഇഷാൻ കിഷന്റെ  ഡയറക്ട്  ത്രോയിൽ ആകൃഷ്‌ടനായി ദ്രാവിഡ് ; പിന്നാലെ  ഫീൽഡിങ് കോച്ചിനെ അഭിനന്ദിച്ച് ദ്രാവിഡ് – വീഡിയോ

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ 73 ആധികാരിക വിജയത്തോടെ ഇന്ത്യ പരമ്ബര തൂത്തുവാരി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 184 റണ്‍സ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് 17.2 ഓവറില്‍ 111 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ ടീം ഇന്ത്യയുടെ മുഴുവന്‍ സമയ പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിനും മുഴുവന്‍ സമയ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയ്ക്കും കന്നി ട്വന്റി20 പരമ്ബരയില്‍ത്തന്നെ സമ്ബൂര്‍ണ വിജയം നേടാനായി. ജയ്പുരിലും റാഞ്ചിയിലും നടന്ന ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്ബര നേരത്തേതന്നെ ഉറപ്പാക്കിയിരുന്നു.

അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ ഒരിക്കല്‍ക്കൂടി കിവീസിന്റെ ടോപ് സ്‌കോററായി. 36 പന്തില്‍ നാലു വീതം സിക്‌സും ഫോറും സഹിതം ഗപ്ടില്‍ നേടിയത് 51 റണ്‍സ്. ഗപ്ടിലിനു പുറമേ കിവീസ് നിരയില്‍ രണ്ടക്കം കണ്ട രണ്ടേ രണ്ടു പേര്‍ വിക്കറ്റ് കീപ്പര്‍ ടിം സീഫര്‍ട്ടും ലോക്കി ഫെര്‍ഗൂസനും മാത്രം. 18 പന്തില്‍ ഒരു ഫോര്‍ സഹിതം നേടിയ 17 റണ്‍സാണ് സീഫര്‍ട്ടിന്റെ സമ്ബാദ്യം. തോല്‍വി ഉറപ്പായ ഘട്ടത്തില്‍ കണ്ണുംപൂട്ടി അടിച്ച ഫെര്‍ഗൂസന്‍ എട്ടു പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി.

ഡാരില്‍ മിച്ചല്‍ (5), മാര്‍ക് ചാപ്മാന്‍ (0), ഗ്ലെന്‍ ഫിലിപ്‌സ് (0), ജിമ്മി നീഷം (3), മിച്ചല്‍ സാന്റ്‌നര്‍ (2), ആദം മില്‍നെ (7), ഇഷ് സോധി (9) എന്നിവരെല്ലാം കൂട്ടത്തോടെ നിരാശപ്പെടുത്തി. ഇന്ത്യന്‍ നിരയില്‍ മൂന്ന് ഓവറില്‍ 9 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേലിന്റെ പ്രകടനം ശ്രദ്ധേയമായി. ആറാം ബോളറായി ആദ്യമായി പരീക്ഷിച്ച വെങ്കടേഷ് അയ്യര്‍ 3 ഓവറില്‍ 12 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത് റോള്‍ ഗംഭീരമാക്കി. രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം മത്സരം കളിക്കുന്ന ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് ഓവറില്‍ 26 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്തു. യുസ്വേന്ദ്ര ചെഹല്‍, ദീപക് ചാഹര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

മത്സരത്തിനിടെ സാന്റ്‌നറെ ഇഷാൻ കിഷൻ ദൂരെ നിന്ന് ഡയറക്ട് ത്രോയിലൂടെ പുറത്താക്കിയതിന് പിന്നാലെ ഫീൽഡിങ് കോച്ചിനെ ദ്രാവിഡ് അഭിനന്ദിക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 2 റൺസ് ഓടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് ദൂരെ നിന്ന് സ്‌ട്രൈക് എൻഡ് ലക്ഷ്യമാക്കി ഇഷാൻ കിഷൻ എറിഞ്ഞത്. ഉന്നം പിഴക്കാതെ ത്രോ സ്റ്റംപ് ഇളക്കുകയും ചെയ്തു. ഈ രംഗം ഡഗ് ഔട്ടിൽ ഇരുന്ന് കാണുകയായിരുന്ന ദ്രാവിഡ് ഉടനെ അടുത്തിരിക്കുകയായിരുന്ന ഫീൽഡിങ് കോച്ച് ദിലിപിന് പിറകിൽ തട്ടി അഭിനന്ദിക്കുകയായിരുന്നു.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ന്യൂസീലന്‍ഡിനു മുന്നില്‍ ഉയര്‍ത്തിയത് 185 റണ്‍സ് വിജയലക്ഷ്യം. രോഹിത് ശര്‍മ അര്‍ധസെഞ്ചുറിയുമായി മുന്നില്‍നിന്ന് നയിച്ചെങ്കിലും കൂടെയുള്ളവര്‍ക്ക് അവസരം മുതലെടുക്കാന്‍ സാധിക്കാതെ പോയതോടെയാണ് ഇന്ത്യ 200 കടക്കാതെ പോയത്. രോഹിത് 31 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 56 റണ്‍സെടുത്തു. അവസാന ഓവറില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 19 റണ്‍സടിച്ചുകൂട്ടിയ ദീപക് ചാഹറാണ് ഇന്ത്യന്‍ സ്‌കോര്‍ 184 ല്‍ എത്തിച്ചത്