Skip to content

മൂന്നാം ടി20യിലും ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, പരമ്പര തൂത്തുവാരി രോഹിത് ശർമ്മയും കൂട്ടരും

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 73 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 185 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് 17.2 ഓവറിൽ 111 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി എം വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. ടി20 ക്രിക്കറ്റിൽ ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.

( Picture Source : Twitter / BCCI )

മൂന്നോവറിൽ 9 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലാണ് ന്യൂസിലാൻഡിനെ തകർത്തത്. ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റും ദീപക് ചഹാർ, യുസ്വേന്ദ്ര ചഹാൽ, വെങ്കടേഷ് അയ്യർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. 36 പന്തിൽ 51 റൺസ് നേടിയ ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിന് മാത്രമാണ് ന്യൂസിലാൻഡ് നിരയിൽ മികച്ച പ്രകടനം പുറത്തെടുക്കുവാൻ സാധിച്ചത്.

( Picture Source : Twitter / BCCI )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് രോഹിത് ശർമ്മയും ഇഷാൻ കിഷനും സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും 69 റൺസ് കൂട്ടിച്ചേർത്തു. കെ എൽ രാഹുൽ പകരക്കാരനായി ടീമിലെത്തിയ ഇഷാൻ കിഷൻ 21 പന്തിൽ 29 റൺസ് നേടിയപ്പോൾ 27 പന്തിൽ നിന്നും ഫിഫ്റ്റി പൂർത്തിയാക്കിയ ക്യാപ്റ്റൻ രോഹിത് ശർമ്മ 31 പന്തിൽ 5 ഫോറും 3 സിക്സുമടക്കം 56 റൺസ് നേടിയാണ് പുറത്തായത്.

( Picture Source : Twitter / BCCI )

സൂര്യകുമാർ യാദവിനും റിഷഭ് പന്തിനും മികവ് പുലർത്താൻ സാധിച്ചില്ലയെങ്കിലും 20 പന്തിൽ 25 റൺസ് നേടിയ ശ്രേയസ് അയ്യരും 15 പന്തിൽ 20 റൺസ് നേടിയ വെങ്കടേഷ് അയ്യരും ഭേദപ്പെട്ട പ്രകടനം ഇന്ത്യക്കായി പുറത്തെടുത്തു. അവസാന ഓവറുകളിൽ 11 പന്തിൽ 18 റൺസ് നേടിയ ഹർഷൽ പട്ടേലും 8 പന്തിൽ പുറത്താകാതെ 21 റൺസ് നേടിയ ദീപക് ചഹാറുമാണ് ഇന്ത്യൻ സ്കോർ 180 കടത്തിയത്.

ന്യൂസിലാൻഡിന് വേണ്ടി മിച്ചൽ സാന്റ്നർ നാലോവറിൽ 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. വിജയത്തോടെ പരമ്പര ഇന്ത്യ തൂത്തുവാരി. ആദ്യ മത്സരത്തിൽ 5 വിക്കറ്റിനും രണ്ടാം മത്സരത്തിൽ 7 വിക്കറ്റിനും ഇന്ത്യ ന്യൂസിലാൻഡിനെ പരാജയപെടുത്തിയിരുന്നു.

( Picture Source : Twitter / BCCI )