Skip to content

സിക്സ് നേടിയ അമർഷത്തിൽ ബാറ്റർക്ക് നേരെ മനപൂർവ്വം പന്തെറിഞ്ഞ് പരിക്കേൽപ്പിച്ച് ഷഹീൻ അഫ്രീദി, വീഡിയോ കാണാം

ക്രിക്കറ്റ് മാന്യന്മാരുടെ കളിയെന്ന് അറിയപ്പെടുമ്പോഴും കളിക്കാരുടെ അഗ്രഷൻ പലപ്പോഴും പരിധിവിട്ട് പോകാറുണ്ട്. ഒരിക്കൽ കൂടി അത്തരം കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ നടന്ന രണ്ടാം ടി20 മത്സരത്തിലാണ് സംഭവം അരങ്ങേറിയത്.

( Picture Source : Twitter )

ബംഗ്ലാദേശ് ഇന്നിങ്‌സിലെ മൂന്നാം ഓവറിലാണ് സംഭവം അരങ്ങേറിയത്. 5 റൺസിന് 2 വിക്കറ്റ് നഷ്ടപെട്ട ബംഗ്ലാദേശിനെതിരെ മൂന്നാം ഓവർ എറിയാനെത്തിയത് ആദ്യ ഓവറിൽ വിക്കറ്റ് നേടിയ ഷഹീൻ അഫ്രീദിയായിരുന്നു. ഓവറിലെ ആദ്യ പന്തിൽ ഹൊസെൻ ഷാന്റോ സിംഗിൾ നേടുകയും സ്‌ട്രൈക്ക് അഫിഫ് ഹൊസൈന് കൈമാറുകയും ചെയ്തു. പുതുതായി ക്രീസിൽ എത്തിയ അഫിഫ് നേരിട്ട ആദ്യ പന്തിൽ തന്നെ ഷഹീൻ അഫ്രീദിയ്ക്കെതിരെ തകർപ്പൻ ഷോട്ടിലൂടെ സിക്സ് പറത്തി. തൊട്ടടുത്ത പന്തിൽ അഫിഫ് ഡിഫെൻഡ് ചെയ്യുകയും ഫോളോ ത്രൂവിൽ കയ്യിൽ കിട്ടിയ പന്ത്‌ അപകടകരമായ രീതിയിൽ അഫീഫിന് നേരെയെറിയുകയും പന്ത്‌ കാലിൽ കൊണ്ട അഫീഫ് നിയന്ത്രണം വിട്ടുവീഴുകയും ചെയ്തു.

റൺ നേടാനുള്ള യാതൊരു ശ്രമവും അഫീഫിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. പന്ത്‌ ദേഹത്തുകൊണ്ട് വീണശേഷം വളരെ ബുദ്ധിമുട്ടിയാണ് അഫീഫ്‌ എഴുന്നേറ്റത്. നടക്കാനും താരം പ്രയാസപെടുന്നുണ്ടായിരുന്നു. ഭാഗ്യവശാൽ താരത്തിന് തുടർന്ന് ബാറ്റ് ചെയ്യുവാനും സാധിച്ചു. പന്ത്‌ എറിഞ്ഞയുടഞ്ഞെ ഷഹീൻ കയ്യുയർത്തി മാപ്പുപറഞ്ഞുവെങ്കിലും സോഷ്യൽ മീഡിയയിലടക്കം വലിയ രോഷമാണ് താരത്തിനെതിരെ ഉയരുന്നത്.

വീഡിയോ ;

ഇതാദ്യമായല്ല സോഷ്യൽ മീഡിയയിൽ ഷഹീൻ അഫ്രീദി വിമർശനങ്ങൾ നേരിടുന്നത്. നേരത്തെ ഐസിസി ടി20 ലോകകപ്പിൽ സ്കോട്ലൻഡിനെതിരായ മത്സരത്തിനിടെ ആരാധകരുടെ ആവശ്യപ്രകാരം രോഹിത് ശർമ്മയുടെയും കെ എൽ രാഹുലിന്റെയും വിരാട് കോഹ്ലിയുടെയും വിക്കറ്റുകൾ പരിഹാസ്രൂപേണ ഷഹീൻ അഫ്രീദി അനുകരിച്ചിരുന്നു.

( Picture Source : ICC T20 WORLD CUP )

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനമായിരുന്നു ഷഹീൻ അഫ്രീദി കാഴ്ച്ചവെച്ചതെങ്കിലും സെമിഫൈനലിൽ മികവ് തുടരാൻ താരത്തിന് സാധിച്ചില്ല. സെമിയിൽ 19 ആം ഓവർ എറിയനെത്തിയ ഷഹീൻ അഫ്രീദിയുടെ അവസാന മൂന്ന് പന്തിൽ തുടർച്ചയായി സിക്സ് പറത്തിയാണ് മാത്യു വേസ്‌ ഓസ്‌ട്രേലിയയെ ഫൈനലിൽ എത്തിച്ചത്.

( Picture Source : ICC T20 WORLD CUP )