Skip to content

അദ്ദേഹം എന്റെ കരിയറിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്, ആ വാക്കുകൾ മറക്കാനാകില്ല ഹർഷൽ പട്ടേൽ

അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഐ പി എല്ലിലെ സഹതാരം എ ബി ഡിവില്ലിയേഴ്സിനോട് നന്ദിപറഞ്ഞ് ഹർഷൽ പട്ടേൽ. തന്റെ കരിയറിൽ വലിയ സ്വാധീനം എ ബി ഡിവില്ലിയേഴ്സ് ചെലുത്തിയിട്ടുണ്ടെന്നും ഐ പി എല്ലിനിടെ അദ്ദേഹം തന്ന ഉപദേശം മികച്ച പ്രകടനം പുറത്തെടുക്കാൻ ഏറെ സഹായിച്ചുവെന്നും മത്സരശേഷം ഹർഷൽ പട്ടേൽ പറഞ്ഞു.

( Picture Source : BCCI )

നാലോവറിൽ 25 റൺസ് വഴങ്ങി 2 വിക്കറ്റുകൾ നേടി മികച്ച പ്രകടനം പുറത്തെടുത്ത ഹർഷൽ പട്ടേൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ മാൻ ഓഫ് ദി മാച്ചും നേടിയിരുന്നു. കഴിഞ്ഞ ഐ പി എൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടി പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയത് ഹർഷൽ പട്ടേലായിരുന്നു. സീസണിൽ 15 മത്സരങ്ങളിൽ നിന്നും 32 വിക്കറ്റുകൾ ഹർഷൽ പട്ടേൽ നേടിയിരുന്നു. ഐ പി എൽ സീസണിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടവും ഹർഷൽ പട്ടേൽ സ്വന്തമാക്കിയിരുന്നു.

( Picture Source : BCCI )

” എ ബി എന്റെ കരിയറിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഞാൻ എപ്പോഴും നിശബ്ദമായി അദ്ദേഹത്തെ നിരീക്ഷിച്ചിരുന്നു. ഐ പി എല്ലിൽ യു എ ഇ ഘട്ടത്തിന് മുൻപേ വലിയ ഓവറുകൾ എങ്ങനെ കുറയ്ക്കാമെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അതിനുമുൻപ് ഐ പി എല്ലിൽ ഓരോവറിൽ 30 റൺസ് വരെ ഞാൻ വഴങ്ങിയിരുന്നു അത് ആവർത്തിക്കാതിരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ”

( Picture Source : IPL )

“നല്ല പന്തുകളിൽ ബാറ്റർമാർ ബൗണ്ടറി നേടുമ്പോൾ മാറ്റം വരുത്തരുതെന്നാണ് അദ്ദേഹം എന്നോട് ആവശ്യപെട്ടത്. നല്ല പന്തുകളിൽ തന്നെ ബൗണ്ടറി നേടാൻ അവരെ പ്രേരിപ്പിക്കണം, അല്ലാതെ ബൗണ്ടറി വഴങ്ങിയ ഉടനെ അതിൽ മാറ്റം വരുത്തരുത് കാരണം അത് ബാറ്റ്‌സ്മാൻ പ്രതീക്ഷിക്കുന്ന കാര്യമാണ്. ആ ഉപദേശം ഐ പി എല്ലിൽ ഉടനീളം എന്റെ മനസിലുണ്ടായിരുന്നു, എന്റെ കരിയറിലുടനീളവും അദ്ദേഹത്തിന്റെ ആ വാക്കുകളുണ്ടാകും. ” ഹർഷൽ പട്ടേൽ പറഞ്ഞു.

( Picture Source : IPL )

എ ബി ഡിവില്ലിയേഴ്സ് ക്രിക്കറ്റിൽ നിന്നും വിരമിച്ച അതേ ദിവസമാണ് ഹർഷൽ പട്ടേൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയായിരുന്നു ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്നുവെന്ന തീരുമാനം എ ബി ആരാധകരുമായി പങ്കുവെച്ചത്.

( Picture Source : IPL )