CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

അരങ്ങേറ്റ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച്, ഹർഷൽ പട്ടേലിന് സ്വപ്നതുല്യമായ തുടക്കം

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് കരസ്ഥമാക്കി ഹർഷൽ പട്ടേൽ. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തോടെ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഹർഷൽ പട്ടേൽ മികച്ച പ്രകടനമാണ് ടീമിന് വേണ്ടി പുറത്തെടുത്തത്.

( Picture Source : Twitter / BCCI )

മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ന്യൂസിലാൻഡ് ഉയർത്തിയ 154 റൺസിന്റെ വിജയലക്ഷ്യം അർധസെഞ്ചുറി നേടിയ കെ എൽ രാഹുലിന്റെയും രോഹിത് ശർമ്മയുടെയും മികവിലാണ് ഇന്ത്യ മറികടന്നത്. കെ എൽ രാഹുൽ 49 പന്തിൽ 6 ഫോറും 2 സിക്സുമടക്കം 65 റൺസ് നേടി പുറത്തായപ്പോൾ രോഹിത് ശർമ്മ 36 പന്തിൽ ഒരു ഫോറും 5 സിക്സുമടക്കം 55 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

( Picture Source : Twitter / BCCI )

ബൗളിങ് ദുഷ്കരമായിരുന്ന പിച്ചിൽ നാലോവറിൽ 25 റൺസ് മാത്രം വഴങ്ങിയ 2 വിക്കറ്റുകൾ ഹർഷൽ പട്ടേൽ നേടി. 28 പന്തിൽ 31 റൺസ് നേടിയ ഡാരൽ മിച്ചലിനെയും 21 പന്തിൽ 34 റൺസ് നേടിയ ഗ്ലെൻ ഫിലിപ്പ്സിനെയുമാണ് ഹർഷൽ പട്ടേൽ പുറത്താക്കിയത്. കഴിഞ്ഞ ഐ പി എൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടി പർപ്പിൾ ക്യാപ് ഹർഷൽ പട്ടേൽ സ്വന്തമാക്കിയിരുന്നു.

( Picture Source : IPL )

സീസണിൽ ഹാട്രിക് ഉൾപ്പെടെ 15 മത്സരങ്ങളിൽ 32 വിക്കറ്റുകൾ നേടിയ ഹർഷൽ പട്ടേലിന് ഐസിസി ടി20 ലോകകപ്പ് ടീമിലിടം നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ലഭിച്ച അവസരത്തിൽ തന്റെ മികവ് പുറത്തെടുത്ത താരം മാൻ ഓഫ് ദി മാച്ചും സ്വന്തമാക്കി. അന്താരാഷ്ട്ര ടി20 അരങ്ങേറ്റത്തിൽ മാൻ ഓഫ് ദി മാച്ച് നേടുന്ന എട്ടാമത്തെ ഇന്ത്യൻ താരമാണ് ഹർഷൽ പട്ടേൽ.

( Picture Source : Twitter / BCCI )

അന്താരാഷ്ട്ര ടി20യിൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ ആറാമത്തെ താരമാണ് ഹർഷൽ പട്ടേൽ. 38 ആം വയസ്സിൽ അരങ്ങേറ്റം കുറിച്ച രാഹുൽ ദ്രാവിഡാണ് അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം. 33 ആം വയസ്സിൽ ഇന്ത്യയ്ക്കായി ആദ്യ ടി20 കളിച്ച സച്ചിൻ ടെണ്ടുൽക്കർ, 31 ആം വയസ്സിൽ അരങ്ങേറ്റം കുറിച്ച ശ്രീനാഥ് അരവിന്ദ്, സ്റ്റുവർട്ട് ബിന്നി, മുരളി കാർത്തിക് എന്നിവരാണ് ഈ പട്ടികയിൽ ഹർഷൽ പട്ടേലിന് മുൻപിലുള്ളത്.

( Picture Source : Twitter / BCCI )
Leave a comment