ഗെയ്ലിനും അഫ്രീദിയ്ക്കും ശേഷം ആ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ സിക്സുകളുടെ എണ്ണത്തിൽ വീണ്ടും തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ടി20 ക്യാപ്റ്റൻ രോഹിത് ശർമ്മ. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആദം മിൽനെയ്ക്കെതിരെ സിക്സ് പറത്തിയാണ് ഈ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ട് ബാറ്റർമാർ മാത്രമാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 

ഇന്ത്യ 7 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 36 പന്തിൽ ഒരു ഫോറും 5 സിക്സും ഉൾപ്പെടെ 55 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. രോഹിത് ശർമ്മയ്ക്കൊപ്പം 49 പന്തിൽ 65 റൺസ് നേടിയ കെ എൽ രാഹുലും ഇന്ത്യയുയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്തു. മത്സരത്തിലെ വിജയത്തോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. 

( Picture Source : Twitter / BCCI )

മത്സരത്തിലെ നാലാം ഓവറിൽ നേടിയ ആദ്യ സിക്സോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 450 സിക്സ് രോഹിത് ശർമ്മ പിന്നിട്ടു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 450 സിക്സ് നേടുന്ന മൂന്നാമത്തെ ബാറ്ററും ആദ്യ ഇന്ത്യൻ താരവുമാണ് രോഹിത് ശർമ്മ. 403 ഇന്നിങ്സിൽ നിന്നുമാണ് രോഹിത് ശർമ്മ അന്താരാഷ്ട്ര ക്രിക്കറ്റിൽ 450 സിക്സ് പൂർത്തിയാക്കിയിരിക്കുന്നത്.

551 ഇന്നിങ്സിൽ നിന്നും 553 സിക്സ് നേടിയ വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ലും 508 ഇന്നിങ്സിൽ നിന്നും 476 സിക്സ് നേടിയ മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുമാണ് ഇതിനുമുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 450 സിക്സ് പൂർത്തിയാക്കിയിട്ടുള്ള ബാറ്റർമാർ.

ഏകദിന ക്രിക്കറ്റിൽ 220 ഇന്നിങ്‌സിൽ നിന്നും 244 സിക്സ് നേടിയിട്ടുള്ള രോഹിത് ശർമ്മ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവരുടെ പട്ടികയിൽ ഷാഹിദ് അഫ്രീദി, ക്രിസ് ഗെയ്ൽ, സനത് ജയസൂര്യ എന്നിവർക്ക് പുറകിൽ നാലാം സ്ഥാനത്താണുള്ളത്. ടെസ്റ്റിൽ 74 ഇന്നിങ്‌സിൽ നിന്നും 63 സിക്സ് നേടിയിട്ടുള്ള ഹിറ്റ്മാൻ അന്താരാഷ്ട്ര ടി20യിൽ 110 ഇന്നിങ്സിൽ നിന്നും 143 സിക്സ് നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവരുടെ നേട്ടത്തിൽ 161 സിക്സ് നേടിയ ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിന് പുറകിൽ രണ്ടാം സ്ഥാനത്താണ് രോഹിത് ശർമ്മയുള്ളത്.