ഏറ്റവും വേഗതയേറിയ സെഞ്ചുറി, ലോകകപ്പിൽ ഏറ്റവുമുയർന്ന ശരാശരി, എ ബി ഡിവില്ലിയേഴ്സിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഹൃദയം തകർത്തുകൊണ്ട് തന്റെ മഹത്തായ ക്രിക്കറ്റ് കരിയറിന് ഔദ്യോഗികമായി തിരശീലയിട്ടിരിക്കുകയാണ് മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. തകർപ്പൻ ബാറ്റിങ് പ്രകടനം കൊണ്ടും അവിശ്വസനീയ ഫീൽഡിങ് മികവ് കൊണ്ടും ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ച ഡിവില്ലിയേഴ്സ് ക്രിക്കറ്റിൽ നിന്നും വിരമിച്ചിരിക്കുകയാണ്. അടുത്ത ഐ പി എൽ സീസണിൽ വിരാട് കോഹ്ലിയ്ക്കൊപ്പം ഡിവില്ലിയേഴ്സ് ഉണ്ടാകുകയില്ലയെന്ന സത്യം ഏതൊരു ക്രിക്കറ്റ് ആരാധകനെയും നിരാശനാക്കും. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വിരമിക്കൽ തീരുമാനം ഡിവില്ലിയേഴ്സ് ആരാധകരുമായി പങ്കുവെച്ചത്

ക്രിക്കറ്റ് കരിയറിൽ എ ബി ഡിവില്ലിയേഴ്സ് നേടിയിട്ടുള്ള അതിശയിപ്പിക്കുന്ന റെക്കോർഡുകൾ.

1. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റിയും സെഞ്ചുറിയും നേടിയ ബാറ്ററെന്ന റെക്കോർഡ് ഡിവില്ലിയേഴ്സിന്റെ പേരിലാണ്. 2015 ൽ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ പ്രകടനത്തോടെയാണ് ഈ രണ്ട് റെക്കോർഡും ഡിവില്ലിയേഴ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ 16 പന്തിൽ ഫിഫ്റ്റി നേടിയ ഡിവില്ലിയേഴ്സ് 31 പന്തിലാണ് സെഞ്ചുറി പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗത്തിൽ 150 റൺസും ഡിവില്ലിയേഴ്സിന്റെ പേരിലാണ്. 2015 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ തന്നെ നടന്ന മത്സരത്തിൽ 64 പന്തിൽ നിന്നും 150 റൺസ് പൂർത്തിയാക്കിയാണ് ഈ റെക്കോർഡ് ഡിവില്ലിയേഴ്സ് സ്വന്തമാക്കിയത്.

2. ഐസിസി ഏകദിന ലോകകപ്പിൽ ഏറ്റവും ഉയർന്ന ശരാശരിയുള്ള ബാറ്ററെന്ന നേട്ടവും ഡിവില്ലിയേഴ്സിന്റെ പേരിലാണ്. ലോകകപ്പിൽ 22 ഇന്നിങ്സിൽ നിന്നും 63.52 ശരാശരിയിൽ 1207 റൺസ് ഡിവില്ലിയേഴ്സ് നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ 100 ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 20 ലധികം സെഞ്ചുറി നേടിയിട്ടുള്ള ഒരേയൊരു ബാറ്റർ എ ബി ഡിവില്ലിയേഴ്സാണ്.

3. ടെസ്റ്റ് ക്രിക്കറ്റിൽ പൂജ്യത്തിന് പുറത്താകുന്നതിന് മുൻപ് ഏറ്റവും കൂടുതൽ ഇന്നിങ്സുകൾ കളിച്ചിട്ടുള്ള താരം ഡിവില്ലിയേഴ്സാണ്. അരങ്ങേറ്റം മുതൽ ടെസ്റ്റിൽ ഡക്കാകുന്നതിന് മുൻപ് 78 ഇന്നിങ്സുകൾ ഡിവില്ലിയേഴ്സ് കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ ബാറ്റ്‌സ്മാനെന്ന നേട്ടവും ഡിവില്ലിയേഴ്സിന്റെ പേരിലാണ്. ടെസ്റ്റിൽ തുടർച്ചയായി 12 ഫിഫ്റ്റി ഡിവില്ലിയേഴ്സ് നേടിയിട്ടുണ്ട്.

4. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടിയ താരമെന്ന റെക്കോർഡ് ഡിവില്ലിയേഴ്സിന്റെ പേരിലാണ്. ഐ പി എൽ ചരിത്രത്തിൽ 25 തവണ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം എ ബി നേടിയിട്ടുണ്ട്. ഐ പി എല്ലിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ രണ്ടാമത്തെ ബാറ്ററെന്ന റെക്കോർഡും ഡിവില്ലിയേഴ്സിന്റെ പേരിലാണ്.