Skip to content

ഐ പി എല്ലിൽ ഇനി സൂപ്പർമാനില്ല, ഡിവില്ലിയേഴ്സ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

തന്റെ ക്രിക്കറ്റ് കരിയറിനോട് ഔദ്യോഗികമായി വിടപറഞ്ഞ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരവും മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റനും കൂടിയായ എ ബി ഡിവില്ലിയേഴ്സ്. 2018 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഡിവില്ലിയേഴ്സ് ഐ പി എല്ലിൽ തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരുന്നത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളായ ഡിവില്ലിയേഴ്സ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വിരമിക്കൽ തീരുമാനം ആരാധകരുമായി പങ്കുവെച്ചത്.

” ഇതൊരു അവിശ്വസനീയ യാത്രയായിരുന്നു, പക്ഷെ ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചു. സഹോദരൻമാരുമായി വീട്ടുമുറ്റത്ത് മത്സരങ്ങൾ കളിച്ചതുമുതൽ ആസ്വാദനത്തോടെയും അടങ്ങാത്ത ആവേശത്തോടെയുമാണ് ഞാൻ ക്രിക്കറ്റ് കളിച്ചത്. ഇപ്പോൾ 37 ആം വയസ്സിൽ ആ ജ്വാല അത്ര തെളിച്ചത്തോടെ കത്തുന്നില്ല, ”

” ആർ സി ബിയ്ക്ക് വേണ്ടി വളരെക്കാലം കളിക്കാൻ എനിക്ക് സാധിച്ചു. പതിനൊന്ന് വർഷങ്ങൾ പെട്ടെന്ന് കടന്നുപോയി, സഹതാരങ്ങളോട് വിടപറയുകയെന്നത് അത്യന്തം വിഷമകരമാണ്. തീർച്ചയായും വളരെയേറെ സമമെടുത്തുകൊണ്ടാണ് ഈ തീരുമാനത്തിലെത്തിയത്. വളരെയധികം ആലോചിച്ച ശേഷം ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാനും കുടുംബ്ത്തോടൊപ്പം സമയം ചിലവഴിക്കാനും ഞാൻ തീരുമാനിച്ചു. ” ഡിവില്ലിയേഴ്സ് കുറിച്ചു.

ഐ പി എല്ലിൽ 184 മത്സരങ്ങൾ കളിച്ചിട്ടുള്ള ഡിവില്ലിയേഴ്സ് 39.71 ശരാശരിയിൽ 150 ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 3 സെഞ്ചുറിയും 40 ഫിഫ്റ്റിയുമടക്കം 5162 റൺസ് നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ സൗത്താഫ്രിക്കയ്ക്കായി മൂന്ന് ഫോർമാറ്റിൽ 420 മത്സരങ്ങൾ കളിച്ചിട്ടുള്ള എ ബി 47 സെഞ്ചുറിയടക്കം 20000 ലധികം റൺസ് നേടിയിട്ടുണ്ട്.