Skip to content

ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ പുതിയ വിവാദം!! ടിം പെയ്ൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നു, കാരണമിതാണ്

ആഷസ് ക്രിക്കറ്റ് ആരംഭിക്കാൻ ഏതാനും ആഴ്ചകൾ ബാക്കി നിൽക്കെ ആരാധകരെ ഞെട്ടിച്ച് ഓസ്‌ട്രേലിയയുടെ ടെസ്റ്റ്  ക്രിക്കറ്റ് ക്യാപ്റ്റൻ  ടിം പെയ്ൻ സ്ഥാനം ഒഴിയുന്നു. സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങളും  നഗ്ന ഫോട്ടോയും അയച്ചെന്ന വിവാദം ഉയർന്നതിന് പിന്നാലെയാണ് ഇത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

2018 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് 36 കാരനായ പെയ്‌നിനെ ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചത്. ഇപ്പോൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഏറ്റവും പുതിയ വിവാദത്തെ തുടർന്ന് രാജിവെച്ചു.

ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള  തീരുമാനം എടുക്കുന്നത് ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെയും മികച്ച താൽപ്പര്യമാണെന്ന് ബോർഡ് ചെയർമാൻ റിച്ചാർഡ് ഫ്രോയിഡെൻസ്റ്റീൻ പറഞ്ഞു. “ബോർഡ് പെയ്‌നിന്റെ രാജി സ്വീകരിച്ചു, ഇപ്പോൾ ഒരു പുതിയ ക്യാപ്റ്റനെ കണ്ടെത്തുന്നതിനും നിയമിക്കുന്നതിനുമുള്ള ദേശീയ സെലക്ഷൻ പാനലുമായി ചേർന്ന് പ്രവർത്തനങ്ങൾ ആരംഭിച്ചു. ” അദ്ദേഹം കൂട്ടിച്ചേർത്തു.

ഹെറാൾഡ് സൺ റിപോർട്ട് അനുസരിച്ച്, 2017-ൽ ഗബ്ബയിൽ നടന്ന ആദ്യ ആഷസ് ടെസ്റ്റിനിടെയാണ് ഈ മെസ്സേജുകൾ അയച്ചതെന്നാണ്. സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ അടക്കം നിരവധി അശ്ലീല മെസ്സേജും അയച്ചിട്ടുണ്ടെന്നാണ് റിപോർട്ടിൽ പറയുന്നത്.ടിം പെയ്ൻ ഒഴിഞ്ഞതോടെ ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ ഏറെ സാധ്യതയുള്ളത് പേസ് ബൗളർ കമ്മിൻസിനാണ്.

അതേസമയം സ്റ്റീവ് സ്മിത്തിന് ഇക്കാര്യത്തിൽ ഏറെ സാധ്യത കല്പിക്കുന്നുവെങ്കിലും 2018ലെ പന്തുചുരണ്ടൽ വിവാദത്തിൽ ഉൾപ്പെട്ടതിനാൽ അതിനുള്ള  സാധ്യത കുറവാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ആവേശപ്പോരാട്ടമായ ആഷസ് പരമ്പരയ്‌ക്ക് ഡിസംബർ എട്ടിന് തുടക്കമാവും. ബ്രിസ്‌ബെയ്‌നിലെ ഗാബയിലാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് അഡലെയ്ഡിൽ രാത്രിയും പകലുമായി നടക്കും. മെൽബൺ, സിഡ്നി, പെർത്ത് എന്നിവിടങ്ങളിലാവും മറ്റ് ടെസ്റ്റുകൾ.