ഇന്ത്യൻ കോച്ചാകുവാൻ അവർ സമീപിച്ചിരുന്നു, വെളിപ്പെടുത്തി റിക്കി പോണ്ടിങ്

ഐ പി എല്ലിനിടെ ഇന്ത്യൻ ഹെഡ് കോച്ചാകുവാൻ ബിസിസിഐ തന്നെ സമീപിച്ചിരുന്നുവെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും ഡൽഹി ക്യാപിറ്റൽസിന്റെ ഹെഡ് കോച്ചുമായ റിക്കി പോണ്ടിങ്. ഹെഡ് കോച്ച് സ്ഥാനം ഏറ്റെടുക്കാൻ അവർ തന്നെ ഏറെ നിർബന്ധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ റിക്കി പോണ്ടിങ് ആ ജോലി തിരസ്‌കരിക്കരിച്ചതിന് പിന്നിലെ കാരണവും തുറന്നുപറഞ്ഞു.

ഐസിസി ടി20 ലോകകപ്പോടെ ഇന്ത്യൻ കോച്ചായുള്ള രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചിരുന്നു. മുൻ ക്യാപ്റ്റനും നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡിനെയാണ് ഇന്ത്യ പുതിയ ഹെഡ് കോച്ചായി നിയമിച്ചത്. ഇന്ത്യൻ കോച്ചായുള്ള ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെതിരായ വിജയത്തോടെ തുടങ്ങാൻ രാഹുൽ ദ്രാവിഡിന് സാധിക്കുകയും ചെയ്തു.

” ഇന്ത്യൻ ഹെഡ് കോച്ചായാൽ വർഷത്തിൽ 300 ലധികം ദിവസമെങ്കിലും ഞാൻ ഇന്ത്യയിൽ താമസിക്കേണ്ടിവരും. ഐ പി എല്ലിനിടെ ഇതുസംബന്ധിച്ച് ഞാൻ ചിലരുമായി സംസാരിച്ചിരുന്നു. എന്നാൽ ഞാൻ സംസാരിച്ചയാളുകൾക്ക് പിന്മാറാൻ യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നു, അവരുടെ ആവശ്യം പ്രാവർത്തികമാക്കാൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു ”

” അവരോട് ഞാൻ ആദ്യം പറഞ്ഞ കാര്യം എനിക്ക് അത്രയും സമയം ചിലവഴിക്കാൻ സാധിക്കുകയില്ലയെന്നതായിരുന്നു. എനിക്ക് ഐ പി എല്ലിൽ കോച്ചാകാൻ സാധിക്കില്ല. സമ്മറിൽ ചാനൽ സെവനിൽ പ്രവർത്തിക്കാൻ സാധിക്കില്ല. അതൊരിക്കലും പ്രാവർത്തികമാകില്ല. എന്നാൽ ഇതുപോലെയൊരു വലിയ ജോലി എനിക്ക് ചെയ്യാൻ സാധിക്കുമെന്ന് ആളുകൾ ചിന്തിക്കുന്നത് സന്തോഷകരമാണ്. ” റിക്കി പോണ്ടിങ് പറഞ്ഞു.

ഐ പി എല്ലിൽ കഴിഞ്ഞ മൂന്ന് സീസണുകളിലും ഡൽഹി ക്യാപിറ്റൽസിനെ പ്ലേയോഫിൽ എത്തിക്കാൻ പോണ്ടിങിന് സാധിച്ചുവെങ്കിലും കിരീടം നേടികൊടുക്കാൻ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റന് സാധിച്ചിട്ടില്ല. എന്നാൽ അടുത്ത സീസണിൽ താൻ ഡൽഹിയിൽ തുടരുമെന്നതിൽ ഉറപ്പില്ലയെന്നും ഇതുവരെ അവരുമായി കരാറിൽ ഏർപെട്ടിട്ടില്ലയെന്നും റിക്കി പോണ്ടിങ് സൂചിപ്പിച്ചു. മികച്ച യുവതാരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ആവേശ് ഖാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ അടക്കമുള്ളവർ മികച്ച അന്താരാഷ്ട്ര താരങ്ങളായി വളർന്നതിൽ സന്തോഷമുണ്ടെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.