Skip to content

കോഹ്ലി തിരിച്ചെത്തിയാലും മൂന്നാമനായി സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യണം, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ന്യൂസിലാൻഡിനെതിരായ ആദ്യ ടി20യിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത സൂര്യകുമാർ യാദവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. വിരാട് കോഹ്ലിയുടെ അഭാവത്തിൽ മൂന്നാമനായാണ് മത്സരത്തിൽ സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യാനെത്തിയത്. എന്നാൽ ഇനി വിശ്രമത്തിന് ശേഷം കോഹ്ലി തിരിച്ചെത്തിയാലും സൂര്യകുമാർ യാദവ് മൂന്നാമനായി ബാറ്റ് ചെയ്യണമെന്ന് നിർദ്ദേശിച്ച ഗംഭീർ തന്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും തുറന്നുപറഞ്ഞു.

( Picture Source : Twitter / BCCI )

ഇന്ത്യ 5 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 40 പന്തിൽ 6 ഫോറും 3 സിക്സുമുൾപ്പടെ 62 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് പുറത്തായത്. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. സൂര്യകുമാർ യാദവിന് പുറമെ 36 പന്തിൽ 48 റൺസ് നേടിയ രോഹിത് ശർമ്മയും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

( Picture Source : Twitter / BCCI )

” സൂര്യകുമാർ യാദവിന് ഒരുപാട് ഓപ്ഷനുകളുണ്ട്. അവൻ സ്പിന്നർമാരെ നന്നായി നേരിടും, എല്ലാ തരത്തിലുള്ള ഷോട്ടുകളും അവന്റെ കൈവശമുണ്ട്. ഒരു 360 ഡിഗ്രീ പ്ലേയറാണവൻ. അതുകൊണ്ട് തന്നെ അവനെതിരെ പന്തെറിയുകയെന്നത് ബൗളർമാരെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇനി വിരാട് കോഹ്ലി തിരിച്ചെത്തിയാലും സൂര്യകുമാർ യാദവ് തന്നെ മൂന്നാമനായി ബാറ്റ് ചെയ്യണം, കോഹ്ലി നാലാമനായും. ”

( Picture Source : Twitter / BCCI )

” രോഹിത് ശർമ്മയും കെ എൽ രാഹുലും ടോപ്പ് ഓർഡറിൽ അതിവേഗത്തിൽ കളിക്കുന്ന ബാറ്റർമാരാണ്. അതുകൊണ്ട് തന്നെ സൂര്യകുമാർ യാദവ് മൂന്നാമനായി ബാറ്റ് ചെയ്‌താൽ ആ വേഗത തുടരാൻ ഇന്ത്യയ്ക്ക് സാധിക്കും. ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് കളിച്ചതുപോലെ നാലാമനായി കോഹ്ലി കളിക്കണം, തുടക്കത്തിൽ തന്നെ രണ്ടോ മൂന്നോ വിക്കറ്റുകൾ നഷ്ടപെട്ടാൽ മധ്യനിര നിയന്ത്രിക്കാൻ കോഹ്ലിയ്ക്ക് സാധിക്കും. ” ഗൗതം ഗംഭീർ പറഞ്ഞു.

” അതുകൊണ്ട് തന്നെ വിരാട് തിരിച്ചെത്തിയാലും സൂര്യകുമാർ യാദവ് തന്നെ മൂന്നാമനായി കളിക്കണം, കാരണം മൂന്നാമനായി ബാറ്റ് ചെയ്താൽ ഒരുപാട് മത്സരങ്ങളിൽ ഇന്ത്യയെ വിജയിപ്പിക്കാൻ അവന് സാധിക്കും. വിരാട് കോഹ്ലി മൂന്നാമനായി ബാറ്റ് ചെയ്താൽ മധ്യനിരയിൽ വേണ്ടത്ര എക്സ്പീരിയൻസ് ഇന്ത്യയ്ക്കുണ്ടാകില്ല. അതുകൊണ്ട് തന്നെ ആ പ്രധാനപ്പെട്ട പൊസിഷൻ കൈകാര്യം ചെയ്യേണ്ടത് വിരാട് കോഹ്ലിയാണ്. ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.

( Picture Source : ICC T20 WORLD CUP )