സൂര്യകുമാർ യാദവും രോഹിത് ശർമ്മയും തിളങ്ങി, ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്റെ വിജയം

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും സൂര്യകുമാർ യാദവിന്റെയും ബാറ്റിങ് മികവാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

( Picture Source : Twitter / BCCI )

മികച്ച തുടക്കമാണ് കെ എൽ രാഹുലും രോഹിത് ശർമ്മയും ഇന്ത്യയ്ക്ക് നൽകിയത്. 5 ഓവറിനുള്ളിൽ 50 റൺസ് ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ കൂട്ടിച്ചേർത്തു. കെ എൽ രാഹുൽ 15 റൺസ് നേടി പുറത്തായപ്പോൾ രോഹിത് 36 പന്തിൽ 5 ഫോറും 2 സിക്സുമടക്കം 48 റൺസ് നേടിയാണ് പുറത്തായത്. വിരാട് കോഹ്ലിയുടെ അഭാവത്തിൽ മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് തകർപ്പൻ പ്രകടനം ഇന്ത്യക്കായി പുറത്തെടുത്തു.

( Picture Source : Twitter / BCCI )

34 പന്തിൽ തന്റെ ഫിഫ്റ്റി പൂർത്തിയാക്കിയ സൂര്യകുമാർ യാദവ് 40 പന്തിൽ 6 ഫോറും 3 സിക്സുമടക്കം 62 റൺസ് നേടിയാണ് പുറത്തായത്. റിഷഭ് പന്ത്‌ 17 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ ശ്രേയസ് അയ്യർ 8 പന്തിൽ 5 റൺസും വെങ്കടേഷ് അയ്യർ 2 പന്തിൽ 5 റൺസും നേടി പുറത്തായി.

ന്യൂസിലാൻഡിന് വേണ്ടി ട്രെൻഡ് ബോൾട്ട് രണ്ട് വിക്കറ്റും മിച്ചൽ സാന്റ്നർ നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 42 പന്തിൽ 3 ഫോറും 4 സിക്സുമടക്കം 70 റൺസ് നേടിയ മാർട്ടിൻ ഗപ്റ്റിൽ, 50 പന്തിൽ 6 ഫോറും 2 സിക്സുമടക്കം 63 റൺസ് നേടിയ ചാപ്മാൻ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

( Picture Source : Twitter / BCCI )

ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ നാലോവറിൽ 23 റൺസ് വഴങ്ങി 2 വിക്കറ്റും ഭുവനേശ്വർ കുമാർ നാലോവറിൽ 24 റൺസ് വഴങ്ങി 2 വിക്കറ്റും മൊഹമ്മദ് സിറാജ്, ദീപക് ചഹാർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി. നവംബർ 19 ന് റാഞ്ചിയിലാണ് പരമ്പരയിലെ രണ്ടാം മത്സരം.

( Picture Source : Twitter / BCCI )