കണ്ണുരുട്ടിയപ്പോൾ ഇത്ര പെട്ടെന്ന് തിരിച്ചു കിട്ടുമെന്ന് കരുതി കാണില്ല! സിക്സ് പറത്തി ‘ഷോ’ കാണിച്ച ഗപ്റ്റിലിനെ തൊട്ടടുത്ത പന്തിൽ പുറത്താക്കി ചഹാറിന്റെ പ്രതികാരം

ലോകക്കപ്പിന് പിന്നാലെ ആരംഭിച്ച ഇന്ത്യ-ന്യുസിലാൻഡ് ടി20 സീരീസിൽ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിന് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യുസിലൻഡ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 164 റൺസാണ് നേടിയത്. ന്യൂസീലൻഡിനായി മാർട്ടിൻ ഗപ്റ്റിലും മാർക്ക് ചാപ്മാനും അർദ്ധസെഞ്ചുറി നേടി. 70 റൺസെടുത്ത മാർട്ടിൻ ഗപ്റ്റിലാണ് ടോപ്പ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ആർ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി തകർച്ചയോടെ ആയിരുന്നു ന്യൂസീലൻഡിൻ്റെ തുടക്കം.

ആദ്യ ഓവറിൽ തന്നെ ഒരു തകർപ്പൻ ഇൻസ്വിംഗറിൽ ഭുവനേശ്വർ കുമാർ ഡാരൽ മിച്ചലിൻ്റെ കുറ്റി പിഴുതെറിയുമ്പോൾ സ്കോർബോർഡിൽ വെറും ഒരു റൺ മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നാം നമ്പറിൽ മാർക്ക് ചാപ്മാൻ എത്തി. ടൈറ്റ് ലൈനുകളിൽ പന്തെറിഞ്ഞ ഇന്ത്യ ന്യൂസീലൻഡ് സ്കോറിംഗ് പിടിച്ചുനിർത്തി. പവർപ്ലേയിൽ 41 റൺസ് മാത്രമാണ് അവർക്ക് നേടാനായത്.

സാവധാനത്തിൽ ട്രാക്കിലേക്കെത്തിയ കിവീസ് ബാറ്റർമാർ തുടർ ബൗണ്ടറികളുമായി ഇന്ത്യയ്ക്ക് സമ്മർദ്ദം സൃഷ്ടിച്ചു. രണ്ടാം വിക്കറ്റിൽ 109 റൺസ് കൂട്ടുകെട്ടാണ് മാർക്ക് ചാപ്മാൻ-മാർട്ടിൻ ഗപ്റ്റിൽ സഖ്യം പടുത്തുയർത്തിയത്.
45 പന്തുകളിൽ ചാപ്മാൻ തൻ്റെ ഫിഫ്റ്റി തികച്ചു. കിവീസ് ജഴ്സിയിൽ ചാപ്മാൻ്റെ ആദ്യ അർദ്ധസെഞ്ചുറിയായിരുന്നു ഇത്. ഫിഫ്റ്റിക്ക് പിന്നാലെ ചാപ്മാനെയും (63), അതേ ഓവറിൽ ഗ്ലെൻ ഫിലിപ്സിനെയും (0) മടക്കിയ അശ്വിൻ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ചാപ്മാൻ്റെ കുറ്റി പിഴുത അശ്വിൻ ഫിലിപ്സിനെ വിക്കറ്റിനു മുന്നിൽ കുരുക്കി.

എന്നാൽ, മറുവശത്ത് വെടിക്കെട്ട് ആരംഭിച്ച ഗപ്റ്റിൽ 31 പന്തുകളിൽ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ നാലുപാടും ബൗണ്ടറിയടിച്ച ഗപ്റ്റിലിനൊപ്പം ടിം സീഫെർട്ടും ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങിയതോടെ ഇന്ത്യ പതറി. എന്നാൽ 18ആം ഓവറിൽ ഗപ്റ്റിലിനെ ശ്രേയാസ് അയ്യരിൻ്റെ കൈകളിലെത്തിച്ച ദീപക് ചഹാർ ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് എത്തിച്ചു. സിക്സ് പറത്തിയതിന് പിന്നാലെയായിരുന്നു ഗപ്റ്റിലിന്റെ ഈ പുറത്താകൽ.

https://twitter.com/QuickWristSpin/status/1460989548247224329?t=-OvXx0OqdwDyTb29ULQbvQ&s=19

ഇതിനിടെ ചഹാറും ഗപ്റ്റിലും തമ്മിൽ നോട്ടം കൊണ്ട് ഏറ്റുമുട്ടിയിരുന്നു. സിക്സ് പറത്തി കണ്ണുരുട്ടിയ ഗപ്റ്റിലിനെ അടുത്ത പന്തിൽ പുറത്താക്കി അതേ ശൈലിയിൽ മറുപടി നൽകിയായിരുന്നു ചഹാറിന്റെ പ്രതികാരം. സീഫെർട്ട് (12) ഭുവിയുടെ പന്തിൽ സൂര്യകുമാറിനു പിടികൊടുത്ത് മടങ്ങി. രചിൻ രവീന്ദ്രയെ (7) സിറാജ് ക്ലീൻ ബൗൾഡാക്കി. സാൻ്റ്നർ (4), സൗത്തി (2) എന്നിവർ പുറത്താവാതെ നിന്നു. അവസാന മൂന്ന് ഓവർ തകർത്തെറിഞ്ഞ ഇന്ത്യ ന്യൂസീലൻഡിനെ പിടിച്ചുനിർത്തുകയായിരുന്നു.