Skip to content

പതിനാറാം വയസ്സിൽ ക്യാൻസർ, ടീമിൽ നിന്നും ഒഴിവാക്കപെട്ട ശേഷം മരപ്പണി, കണ്ടുപഠിക്കണം മാത്യൂ വേഡിനെ

പാകിസ്ഥാനെതിരായ സെമിഫൈനലിലെ തകർപ്പൻ പ്രകടനത്തോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ മാത്യു വേഡ്. ഏറെ തിരിച്ചടികൾ തന്റെ കരിയറിൽ മാത്യു വേഡ് നേരിട്ടിട്ടുണ്ട്. കളർ ബ്ലൈൻഡായിരുന്ന താരത്തിന് തന്റെ പതിനാറാം വയസ്സിൽ ടെസ്റ്റിക്കുലാർ ക്യാൻസറും സ്ഥിരീകരിച്ചു. കീമോയ്ക്കിടെ പോലും പരിശീലനം നടത്തിയാണ് മാത്യു വേഡ് പോരാട്ടം തുടർന്നത്. ഓസ്‌ട്രേലിയൻ ടീമിൽ എത്തിയ ശേഷവും തിരിച്ചടികൾ വേഡിനെ പിന്തുടർന്നു. ഇപ്പോഴിതാ ഓസ്‌ട്രേലിയൻ ടീമിൽ നിന്നും പുറത്താക്കപെട്ട ശേഷം വേഡ് കാർപെൻന്ററായും ജോലി നോക്കിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മുൻ ബോസ്.

( Picture Source : ICC T20 WORLD CUP )

2011 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം മോശം ഫോമിനെ തുടർന്ന് ടീമിൽ നിന്നും പുറത്താക്കപെട്ടിരുന്നു. അതിനുശേഷമാണ് കാർപെന്ററായി മാത്യു വേഡ് ജോലി ചെയ്തത്.

” ആ സമയത്ത് ക്രിക്കറ്റിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് അവൻ ചിന്തിക്കേണ്ടിയിരുന്നു. കാരണം അവന്റെ ക്രിക്കറ്റ് കരിയർ ആ സമയത്ത് അനിശ്ചിതത്വത്തിലായിരുന്നു. കരിയർ എങ്ങോട്ടാണ് പോകുന്നതെന്ന് അവനറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ അവന് ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു അത്. ”

( Picture Source : ICC T20 WORLD CUP )

” ജീവിതം പ്രവചിക്കാൻ സാധിക്കുന്നതല്ലയെന്ന് അവനറിയാമായിരുന്നു. കൂടാതെ ഒരു ചെറിയ കുടുംബം ഉള്ളതിനാൽ അവസരങ്ങളെടുക്കാൻ അവൻ തയ്യാറല്ലായിരുന്നു. ” വേഡിന്റെ മുൻ ബോസ് പറഞ്ഞു.

2019 നടന്ന ഏകദിന ലോകകപ്പിൽ ഉസ്മാൻ ക്വാജയ്ക്ക് പകരക്കാരനായാണ് മാത്യൂ വേഡ് ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തിയത്. തുടർന്ന് ആഷസ് പരമ്പരയ്ക്കുള്ള ടീമിലും ഇടം നേടി. ഓസ്ട്രേലിയക്ക് വേണ്ടി മൂന്ന് ഫോർമാറ്റിൽ 180 ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള വേഡ് 5 സെഞ്ചുറിയും 16 ഫിഫ്റ്റിയും നേടിയിട്ടുണ്ട്.

( Picture Source : Twitter )

പാകിസ്ഥാനെതിരായ മത്സരത്തിൽ 17 പന്തിൽ പുറത്താകാതെ 2 ഫോറും 4 സിക്സുമടക്കം 41 റൺസ് നേടിയ വേഡിന്റെ മികവിലാണ് ഓസ്‌ട്രേലിയ 5 വിക്കറ്റിന്റെ വിജയം നേടുകയും ഫൈനലിൽ പ്രവേശിക്കുകയും ചെയ്തത്.

( Picture Source : ICC T20 WORLD CUP )