Skip to content

വിരാട് കോഹ്ലി എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനമൊഴിയണം, നിർദ്ദേശവുമായി മുൻ പാക് താരം ഷാഹിദ് അഫ്രീദി

വിരാട് കോഹ്ലി മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനമൊഴിയണമെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ്. ക്യാപ്റ്റൻസിയിൽ നിന്നും ഒഴിഞ്ഞുകൊണ്ട് ഇനിയുള്ള നാൾ കോഹ്ലി ബാറ്റിങ് കൂടുതൽ ആസ്വദിക്കണമെന്നും അഫ്രീദി നിർദ്ദേശിച്ചു. ഐസിസി ടി20 ലോകകപ്പോടെ കോഹ്ലി ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞിരുന്നു.

ഇന്ത്യൻ ക്യാപ്റ്റനായി മികച്ച റെക്കോർഡാണ് വിരാട് കോഹ്ലിയ്ക്കുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയിട്ടുള്ള നാലാമത്തെ ക്യാപ്റ്റനാണ് വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിൽ 65 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുള്ള കോഹ്ലി 38 മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്. 16 ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് കോഹ്ലിയുടെ കീഴിൽ ഇന്ത്യ പരാജയപെട്ടിട്ടുള്ളത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയെ നയിച്ച 95 മത്സരങ്ങളിൽ 65 ലും ടീമിനെ വിജയത്തിലെത്തിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്.

( Picture Source : ICC T20 WORLD CUP )

” ഇന്ത്യൻ ക്രിക്കറ്റിന്റെ നിർണായക ശക്തിയാണ് വിരാട് കോഹ്ലി. എന്നാൽ ഇപ്പോൾ മൂന്ന് ഫോർമാറ്റിൽ നിന്നും ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത് അത് നല്ല തീരുമാനമാകുമെന്ന് എനിക്ക് തോന്നുന്നു. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞുകൊണ്ട് ഇനി ശേഷിക്കുന്ന ക്രിക്കറ്റ് അവൻ ആസ്വദിക്കണം. വളരെയേറെ കാലം ഇനിയും അവന് കളിക്കാനാകും. ”

” അവൻ മികച്ച ബാറ്ററാണ്. ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞാൽ യാതൊരു സമ്മർദ്ദവുമില്ലാതെ അവന് കളിക്കാനാകും. ” ഷാഹിദ് അഫ്രീദി പറഞ്ഞു.

( Picture Source : Twitter )

കോഹ്ലി ഒഴിഞ്ഞതോടെ ടി20 ക്യാപ്റ്റനായി രോഹിത് ശർമ്മയെ നിയമിച്ച ബിസിസിഐയുടെ തീരുമാനം ശരിയാണെന്നും ഒരു വർഷം ഒരുമിച്ച് കളിച്ചിട്ടുള്ളതിനാൽ രോഹിത് ശർമ്മയുടെ കഴിവ് തനിക്കറിയാമെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു.

” ഞാൻ ഒരുവർഷം രോഹിത് ശർമ്മയ്ക്കൊപ്പം കളിച്ചിട്ടുണ്ട്. അവൻ വളരെയേറെ കഴിവും മികച്ച മനകരുത്തുമുള്ള പ്ലേയറാണ്. ആവശ്യമുള്ളയിടത്ത് റിലാക്സായിരിക്കാനും അഗ്രഷൻ വേണ്ട സമയത്ത് അഗ്രഷൻ കാണിക്കുവാനും അവന് സാധിക്കും. മികച്ച ഷോട്ട് സെലക്ഷനുള്ള ടോപ്പ് ലെവൽ ബാറ്ററാണ് രോഹിത്. നല്ലൊരു ക്യാപ്റ്റനാവാനുള്ള മനക്കരുത്തും അവനുണ്ട്. ” ഷാഹിദ് അഫ്രീദി കൂട്ടിച്ചേർത്തു.

( Picture Source : ICC T20 WORLD CUP )