Skip to content

വാർണറിനെ ‘ചതിച്ചത്’ മാക്‌സ്‌വെൽ! ക്യാച്ചിൽ റിവ്യൂ പോലും എടുക്കാതെ വാർണർ മടങ്ങിയതിന് പിന്നിൽ മാക്‌സ്‌വെലെന്ന് വെളിപ്പെടുത്തലുമായി വേഡ് രംഗത്ത്

ആവേശം അവസാന ഓവറുകളിലേക്ക് നീണ്ടു നിന്ന പാകിസ്ഥാനെതിരായ സെമിഫൈനലിൽ ഓസ്‌ട്രേലിയയ്ക്ക് ജയം സമ്മാനിച്ചത് മാത്യു വേഡിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമായിരുന്നു. ഈ ലോകക്കപ്പിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ ഷഹീൻ അഫ്രീദിയ്ക്കെതിരെ ഹാട്രിക്ക് സിക്സ് നേടി കൊണ്ടായിരുന്നു വേഡ് വിജയക്കൊടി പറത്തിയത്. 17 പന്തിൽ 41 റൺസ് നേടിയായിരുന്നു ഈ ഹീറോയ്ക്ക് ഇന്നിങ്‌സ്.

അതേസമയം ഓസ്‌ട്രേലിയയുടെ വിജയത്തിൽ ഓപ്പണർ വാർണറും നിർണായക പങ്കുവഹിച്ചിരുന്നു. 30 പന്തിൽ 49 റൺസ് നേടിയ വാർണറായിരുന്നു ഓസ്‌ട്രേലിയയുടെ ചെയ്‌സിങിൽ അടിത്തറ പാകിയത്. നിർഭാഗ്യകരമായ രീതിയിലായിരുന്നു വാർണറിന്റെ പുറത്താകൽ.

പാക് സ്പിന്നര്‍ ഷദാബ് ഖാൻ എറിഞ്ഞ 11ആം ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ ക്യാച്ച്‌ എടുത്തതായി പാക് താരങ്ങള്‍ അപ്പീല്‍ ചെയ്തത് അമ്ബയര്‍ ഔട്ട് അനുവദിക്കുകയായിരുന്നു. എന്നാൽ ഡി.ആർ.എസ് ഓപ്ഷൻ ബാക്കി നിൽക്കെ റിവ്യൂവിന് പോലും നല്‍കാതെ വാര്‍ണര്‍ മടങ്ങുകയും ചെയ്തു എന്നാല്‍, ടിവി റീപ്ലേയില്‍ പന്ത് ബാറ്റില്‍ തട്ടിയിരുന്നില്ലെന്നു പിന്നീട് വ്യക്തമായി.

വാര്‍ണര്‍ ഡി.ആര്‍.എസ് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്നായിരുന്നു എന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അതിനുള്ള ഉത്തരം നല്‍കുകയാണ് മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ ഹീറോയായ വേഡ്. വാര്‍ണര്‍ ബാറ്റു ചെയ്യുമ്ബോള്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന ഗ്ലെന്‍ മാക്‌സ്‌വെലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് താരം ഡി.ആര്‍.എസ്. എടുക്കാതിരുന്നതെന്നാണ് വേഡ് വെളിപ്പെടുത്തിയത്.

”പന്ത് എഡ്ജ് ചെയ്യുന്ന ശബ്ദം കേട്ടതായി മാക്‌സ്‌വെല്‍ വാര്‍ണറോട് പറയുകയായിരുന്നു. കൂടുതല്‍ സമയം ഇതേക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനൊന്നും സമയമില്ലല്ലോ. മാക്‌സ്‌വെല്‍ ശബ്ദം കേട്ടെന്ന് പറഞ്ഞതോടെ വാര്‍ണര്‍ മടങ്ങി. ബാറ്റ് മറ്റെന്തിലെങ്കിലും ഉരസിയതാകാം. അല്ലെങ്കില്‍ ബാറ്റിന്റെ ഹാന്‍ഡിലിന്റെ ശബ്ദമാകാം. ഇത്തരം സാഹചര്യങ്ങളില്‍ തീരുമാനമെടുക്കുക എളുപ്പമല്ല. എത്രയോ തവണ നാം കണ്ടതാണ് ഈ രീതിയില്‍ ബാറ്റര്‍ക്ക് ആശയക്കുഴപ്പമുണ്ടാകുന്നത്” – വേഡ് പറഞ്ഞു.