Skip to content

കഴിഞ്ഞ 5 വർഷമായി ടെസ്റ്റ് ക്രിക്കറ്റിന്റെ ബ്രാൻഡ് അംബാസഡർ കോഹ്ലിയാണ്, മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റു ഫോർമാറ്റുകൾ വേണ്ടെന്ന് വെച്ചാലും കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ തുടരണമെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി, ടി20 ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ കോഹ്ലി ബാറ്റിങിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ മറ്റു ഫോർമാറ്റുകളിലെ ക്യാപ്റ്റൻസിയും ഒഴിഞ്ഞേക്കാമെന്നും രവി ശാസ്ത്രി സൂചിപ്പിച്ചു. ഐസിസി ടി20 ലോകകപ്പോടെയാണ് കോഹ്ലി ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞത്. ടൂർണമെന്റോടെ ഇന്ത്യൻ കോച്ചായുള്ള രവി ശാസ്ത്രിയുടെ കാലാവധിയും അവസാനിച്ചിരുന്നു.

( Picture Source : Twitter )

ടി20 ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലും ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ കോഹ്ലിയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ രോഹിത് ശർമ്മയെ ഇന്ത്യ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. കെ എൽ രാഹുലാണ് ടി20 ടീമിന്റെ വൈസ് ക്യാപ്റ്റൻ. കോഹ്ലിയുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്.

( Picture Source : Twitter )

” അവൻ ഇപ്പോഴും ആവേശവാനാണ്, ടീമിൽ മറ്റാരേക്കാളും ഫിറ്റ്നസ് അവനുണ്ട്, അതുകൊണ്ട് തന്നെ ദീർഘനാൾ അവന് തുടരാൻ സാധിക്കും. ഇനി എന്തെങ്കിലുമുണ്ടെങ്കിൽ അവൻ നോ പറയുക ലിമിറ്റഡ് ഓവർ ക്രിക്കറ്റിനോടായിരിക്കും. ടെസ്റ്റ് ക്രിക്കറ്റിൽ അവൻ തുടരണം കാരണം കഴിഞ്ഞ അഞ്ച് വർഷമായി ടെസ്റ്റ് ക്രിക്കറ്റിന്റെ ബ്രാൻഡ് അംബാസിഡർ അവനാണ്. അവന്റെ പാഷനും ഊർജവുമെല്ലാം അവനെ മുന്നോട്ട് നയിക്കും. ”

( Picture Source : Twitter )

” ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ 5 വർഷമായി വിരാട് കോഹ്ലിയുടെ കീഴിൽ ഇന്ത്യ ഒന്നാം നമ്പർ ടീമാണ്. അതുകൊണ്ട് തന്നെ ബാറ്റിങിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടി അവൻ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ മാത്രമേ ടെസ്റ്റ് ക്യാപ്റ്റൻസിയിൽ മാറ്റമുണ്ടാവുകയുള്ളൂ. സമീപഭാവിയിൽ അത് സംഭവിച്ചേക്കാം, എന്നാൽ അത് ഉടനടിയുണ്ടാകില്ല. ”

( Picture Source : Twitter )

” ഏകദിനത്തിലും ഇതുതന്നെ നടന്നേക്കാം, ഒരുപക്ഷേ ടെസ്റ്റ് ക്യാപ്റ്റൻസിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ അവൻ ഏകദിന ക്യാപ്റ്റൻസിയും ഒഴിഞ്ഞേക്കാം. അവന്റെ ശരീരവും മനസ്സുമാണ് ആ തീരുമാനമെടുക്കേണ്ടത്. അവൻ മാത്രമല്ല, ഇതിനുമുൻപ് ക്യാപ്റ്റനെന്ന നിലയിൽ മികവ് പുലർത്തിയ ഒരുപാട് താരങ്ങൾ ബാറ്റിങിൽ ശ്രദ്ധകേന്ദ്രീകരിക്കുവാനായി ക്യാപ്റ്റൻസി ഉപേക്ഷിച്ചിട്ടുണ്ട്. ” ശാസ്ത്രി പറഞ്ഞു.

( Picture Source : Twitter )