അത് ക്രിക്കറ്റിൽ ഞാൻ കണ്ട മികച്ച കാഴ്ച്ചകളിലൊന്ന്, വാർണറിന്റെ സിക്സിനെ കുറിച്ച് പ്രതികരിച്ച് ജസ്റ്റിൻ ലാങർ

പാകിസ്ഥാനെതിരായ സെമിഫൈനൽ മൊഹമ്മദ് ഹഫീസിനെതിരെ വാർണർ നേടിയ സിക്സ് താൻ ക്രിക്കറ്റിൽ കണ്ട ഏറ്റവും മികച്ച കാഴ്ച്ചകളിലൊന്നാണെന്ന് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ. പിച്ചിൽ രണ്ട് തവണ ബൗൺസ് ചെയ്ത പന്തിലായിരുന്നു വാർണർ സിക്സ് നേടിയത്. വാർണറുടെ സിക്സ് ആരാധകർ ഏറ്റെടുത്തപ്പോൾ ഗൗതം ഗംഭീർ അടക്കമുള്ള താരങ്ങൾ വാർണറെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

( Picture Source : ICC T20 WORLD CUP )

മത്സരത്തിൽ 30 പന്തിൽ 3 സിക്സും 3 ഫോറുമടക്കം 49 റൺസ് നേടിയാണ് ഡേവിഡ് വാർണർ പുറത്തായത്. മത്സരത്തിൽ 5 വിക്കറ്റിന് വിജയിച്ച ഓസ്‌ട്രേലിയ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. പാകിസ്ഥാൻ ഉയർത്തിയ 177 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിലാണ് ഓസ്‌ട്രേലിയ മറികടന്നത്. വാർണർ പുറത്തായ ശേഷം സമ്മർദ്ദത്തിലലായ ഓസ്‌ട്രേലിയയെ 31 പന്തിൽ 40 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസും 17 പന്തിൽ 2 ഫോറും 4 സിക്സുമടക്കം 41 റൺസ് നേടിയ മാത്യൂ വേഡുമാണ് വിജയത്തിലെത്തിച്ചത്.

( Picture Source : ICC T20 WORLD CUP )

” അത് ഞാൻ ക്രിക്കറ്റിൽ കണ്ടിട്ടുള്ള ഏറ്റവും മികച്ച കാഴ്ച്ചകളിലൊന്നാണ്. മറ്റാർക്കും അത് ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ആ നിമിഷത്തിൽ എന്തുചെയ്യണമെന്ന് ഭൂരിഭാഗം ആളുകൾക്കും നിശ്ചയമുണ്ടാകില്ല. അതൊരു നോ ബോൾ ആയിരുന്നു, ആ പന്തിൽ സിക്സ് നേടാൻ കഴിവും ധൈര്യവുമുണ്ടാവുകയെന്നത് അവിശ്വസനീയമാണ്. ” ജസ്റ്റിൻ ലാങർ പറഞ്ഞു.

( Picture Source : ICC T20 WORLD CUP )

ബാറ്റിൽ ടച്ച് ഇല്ലാഞ്ഞിട്ടും റിവ്യൂ നൽകാതെയാണ് ഡേവിഡ് വാർണർ മടങ്ങിയതിനെ കുറിച്ചും ജസ്റ്റിൻ ലാങർ പ്രതികരിച്ചു.

” ഇന്നലത്തെ ബഹളം വളരെയധികമായിരുന്നു, അക്ഷരാർത്ഥത്തിൽ ഒരു റോക്ക് കച്ചേരിപോലെയായിരുന്നു അവിടം, ഞങ്ങൾ എല്ലാവരും അതിനെകുറിച്ച് സംസാരിച്ചിരുന്നു. അതിന്റെ റീപ്ലേ കണ്ടപ്പോൾ മമാക്‌സ്‌വെല്ലിനൊപ്പം വാർണറും ആശ്ചര്യപെട്ടു. ഞങ്ങൾ അതിൽ കൂടുതൽ ശ്രദ്ധചെലുത്തേണ്ടതുണ്ട്. ” ലാങർ കൂട്ടിച്ചേർത്തു.

നവംബർ 14 നാണ് ഓസ്‌ട്രേലിയയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ പോരാട്ടം. ഇരുടീമുകളും ഇതുവരെ ടി20 ലോകകപ്പ് നേടാൻ സാധിക്കാത്തതിനാൽ പുതിയ ചാമ്പ്യന്മാരെയാകും നവംബർ 14 ന് ലഭിക്കുക.